Site iconSite icon Janayugom Online

കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍

കാണാതായ ഐടി എന്‍ജിനീയറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍. അന്വേഷണത്തില്‍ ഭാര്യയുടെ ബന്ധു അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കേസില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ സംശയം.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 25കാരന്‍ നാരായണ റെഡ്ഡിയെയാണ് കഴിഞ്ഞ മാസം 29 മുതല്‍ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 80 ശതമാനം കത്തിക്കരിഞ്ഞ് അഴുകിയ നിലയില്‍ സംഗറെഡ്ഡിക്ക് സമീപമുള്ള വനത്തില്‍ നിന്ന് ഞായറാഴ്ച റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ ഭാര്യാവീട്ടുകാരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരേ ജാതിയില്‍പ്പെട്ട നാരായണ റെഡ്ഡിയും ഭാര്യയും അകന്ന ബന്ധുക്കളാണ്. പിടിയിലായ മൂന്ന് പേരില്‍ ഒരാള്‍ ഭാര്യയുടെ ബന്ധുവാണെന്നും പൊലീസ് പറയുന്നു.

ഒരു വര്‍ഷം മുമ്പായിരുന്നു നാരായണ റെഡ്ഡിയുടെ വിവാഹം നടന്നത്. കല്യാണത്തിന് ഭാര്യയുടെ വീട്ടുകാര്‍ എതിരായിരുന്നു. കല്യാണത്തിന് പിന്നാലെ ഭാര്യയുടെ വീട്ടുകാര്‍ യുവതിയെ പിടിച്ചുകൊണ്ടുപോയി.

തുടര്‍ന്ന് യുവതി വീട്ടുകാര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അടുത്തിടെ ഇരുവരും തമ്മില്‍ വീണ്ടും അടുത്തതായി ഭാര്യയുടെ വീട്ടുകാര്‍ കണ്ടെത്തി. ഇതാണ് നാരായണ റെഡ്ഡിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവ ദിവസമായ ജൂണ്‍ 29ന് ബന്ധു പാര്‍ട്ടിക്കായി യുവാവിനെ ക്ഷണിച്ചു. ഭാര്യയുടെ ബന്ധുവിന്റെ വീട്ടിലേക്കാണ് ക്ഷണിച്ചത്. അവിടെ വച്ച്‌ യുവാവിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Eng­lish sum­ma­ry; Burnt body of miss­ing youth in forest

You may also like this video;

Exit mobile version