Site icon Janayugom Online

വെന്തുരുകി ഇന്ത്യ

രാജ്യത്ത് ഉഷ്ണതരംഗം അതിരൂക്ഷം. പല സംസ്ഥാനങ്ങളിലും 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില. വിവിധ ഭാഗങ്ങളില്‍ അഞ്ച് ദിവസംകൂടി ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് ആദ്യവാരം വരെ ഈ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരും ദിവസങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ഡല്‍ഹിയില്‍ കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു. ചൂട് കൂടിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വൈദ്യുത ഉപഭോഗത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കല്‍ക്കരി ദൗര്‍ലഭ്യത്തെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനപ്പെട്ട താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് സംസ്ഥാന വൈദ്യുത മന്ത്രി നിതിന്‍ റൗത്ത് പറഞ്ഞു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസും ഒഡിഷയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസമായി താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുമാണ്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ ഈ മാസം 30 വരെ അടച്ചു.

വ്യവസായ മേഖലയെയും ഉഷ്ണതരംഗം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയതോടെ നിരവധി മേഖലകളില്‍ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ നിലച്ചു. താപനില ഉയര്‍ന്നതോടെ നിര്‍മ്മാണ, കാര്‍ഷിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ദുരിതത്തിലാണ്. സൂര്യാഘാതത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്.

12 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട്

 

ന്യൂഡല്‍ഹി: 2010നു ശേഷം ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 43.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.
തൊട്ടടുത്തുള്ള ഗുരുഗ്രാമില്‍ റെക്കോഡ് താപനിലയായ 45 ഡിഗ്രി രേഖപ്പെടുത്തി. 2010 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 43.7 ഡിഗ്രി സെല്‍ഷ്യസ്, 1941ല്‍ രേഖപ്പെടുത്തി 45.6 ഡിഗ്രി സെല്‍ഷ്യസ് എന്നിവയാണ് ഇതിനു മുമ്പ് ഡല്‍ഹിയില്‍ ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന താപനില.

Eng­lish Summary:

You may like this video also

Exit mobile version