Site iconSite icon Janayugom Online

കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ച നിലയിൽ

ആലപ്പുഴ കുട്ടനാട് തായങ്കരിയിൽ കാറിന് തീപിടിച്ച് യുവാവിനെ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജെയിംസ് കുട്ടി(49)യുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കാറും മൃതദേഹവും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ബോട്ട് ജെട്ടി റോഡിലാണ് ദാരുണ സംഭവം നടന്നത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാറിനു തീ പിടിച്ച നിലയിൽ കണ്ടത്.

പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണയക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. കാറിനുള്ളിൽ ആരുമില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ തീ പൂർണമായും അണച്ചപ്പോഴാണ് ഉള്ളിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിനു കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാറിനു തീ കൊടുത്ത ശേഷം വ്യക്തി അകത്തിരുന്നതാണോ അതല്ല മറ്റെന്തെങ്കിലും കാരണം കൊണ്ട് കാർ കത്തിയതാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. കാർ റോഡരികിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യാ ശ്രമമാണോ എന്ന സംശയത്തിലാണ് പൊലീസ്. അതേസമയം മറ്റെേതെങ്കിലും രീതിയിൽ കാറിനേയും യാത്രക്കാരനേയും അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്നുള്ള കാര്യത്തിലും വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നടത്തിയശേഷം ഫലം ലഭിച്ചാൽ മാത്രമേ കാറിനു തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടന്നു വരികയാണ്. ഫോറൻസിക് വി​ദ​ഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sam­mury: young man was burnt to death after his car caught fire

YouTube video player
Exit mobile version