ഒഡിഷയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡിഷയിലെ സുന്ദർഗഡിൽ ദേശീയ പാത 520ൽ കെ ബാലിങ് പൊലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച്ച പകൽ പതിനൊന്നോടെയായിരുന്നു അപകടം. റൂർക്കേലയിൽ നിന്ന് കൊയ്ഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ പണി നടക്കുന്നതിനാൽ ബസ് തെറ്റായ വഴിയിലൂടെ വരുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും എമർജൻസി സർവീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

