Site iconSite icon Janayugom Online

ബസ്-ഓട്ടോ-ടാക്സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ ബസ്-ഓട്ടോ-ടാക്സി നിരക്കുകൾ നിലവിൽ വന്നു. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽ നിന്ന് പത്ത് രൂപയായാണ് വർധിച്ചത്.

ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽ നിന്ന് 30 രൂപയായി കൂടി. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററും. ഇതിന് പുറമേ നാല് ചക്ര ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് ഇന്ന് മുതല്‍ കൂടും. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ് ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്.

അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പർ ഫാസ്റ്റുകളുടേത് 10 കിലോമീറ്ററും. അതേസമയം എക്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്സിൽ സർവീസുകൾ, മൾട്ടി ആക്സിൽ സർവീസുകൾ, ലോ ഫ്ലോര്‍ എ സി എന്നിവയുടെ മിനിമം നിരക്ക് വർധിപ്പിച്ചിട്ടില്ല.

സൂപ്പർ എക്സ്പ്രസുകളിൽ മിനിമം നിരക്ക് മാറ്റാതെ തന്നെ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ സഞ്ചരിക്കാവുന്നത്. ഇനിമുതൽ 28 രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യമായിരുന്ന വിദ്യാർത്ഥി നിരക്ക് പഠിക്കാൻ പ്രത്യേക കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം കെഎസ്ആർടിസി നോൺ എസി ജന്‍റം ബസുകളുടെ മിനിമം നിരക്ക് 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചിട്ടുണ്ട്. 2.5 കിലോമീറ്ററാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം. ജന്‍റം എസി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിർത്തി. അതേ സമയം കിലോമീറ്റർ നിരക്ക് 1.87 രൂപയിൽ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്. മിനിമം നിരക്കില്‍ എസി ലോഫ്ലോറിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്.

Eng­lish summary;Bus-auto-taxi fare hike in effect

You may also like this video;

Exit mobile version