Site iconSite icon Janayugom Online

ജയ്പൂരിൽ ഹൈടെൻഷൻ ലൈനിൽ തട്ടി ബസിന് തീപിടിച്ചു; രണ്ട് പേർ വെന്തുമരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ തൊഴിലാളികളുമായി പോയ ബസ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് അച്ഛനും മകളും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. മനോഹർപുരിലാണ് ദുരന്തമുണ്ടായത്. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്നതിനായി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും വന്ന 10-ഓളം തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. 11,000 കിലോവോൾട്ടിന്റെ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് അപകടത്തിന് കാരണം.

നസീം (50), മകൾ സാഹിനം (20) എന്നിവരാണ് മരിച്ചത്. ബസ് ഓവർലോഡ് ചെയ്തിരുന്നതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ബസിന്റെ മുകളിൽ അമിതമായി കയറ്റിയ ലഗേജ് ഹൈടെൻഷൻ ലൈനിൽ തട്ടി ലൈൻ പൊട്ടിയതാണ് അപകടകാരണമെന്ന് പ്രഥമിക നിഗമനം. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ബസിലുണ്ടായിരുന്ന 25 പേരെ രക്ഷിച്ചതായി റിപ്പോര്‍ട്ട്. ബസിനുള്ളിൽ 15 ഓളം എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Exit mobile version