Site iconSite icon Janayugom Online

ബട്‌‌ലര്‍ ബഡാ ഷോ; ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് വിജയം

ജോസ് ബട്‌ലര്‍ വെടിക്കെട്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യം മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ഗുജറാത്ത് വിജയത്തിലെത്തി. പുറത്താകാതെ 54 പന്തില്‍ 11 ഫോറും നാല് സിക്സറുമുള്‍പ്പെടെ 97 റണ്‍സെടുത്ത ജോസ് ബട്ലറുടെ കരുത്തിലാണ് ഗുജറാത്ത് ജയം നേടിയെടുത്തത്. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് (34 പന്തില്‍ 43 റണ്‍സ്), സായ് സുദര്‍ശന്‍ (21 പന്തില്‍ 36 റണ്‍സ്), രാഹുല്‍ തെവാട്ടിയ (മൂന്ന് പന്തില്‍ 11 റണ്‍സ്) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഡല്‍ഹിക്കായി മുകേഷ് കുമാറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒരു ബാറ്റര്‍മാര്‍ പോലും അര്‍ധസെ‍ഞ്ചുറി നേടാതെയാണ് ഡല്‍ഹി മികച്ച സ്കോറിലെത്തിയത്. 32 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്സര്‍ പട്ടേലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അശുതോഷ് ശര്‍മ്മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ 31) എന്നിവരും ഡല്‍ഹി സ്കോറില്‍ നിര്‍ണായക സംഭാന നല്‍കി.

വെടിക്കെട്ട് പ്രകടനത്തോടെയാണ് ഓപ്പണറായ അഭിഷേക് പോറല്‍ ഡല്‍ഹിയുടെ സ്കോര്‍ ചലിപ്പിച്ചത്. ഒമ്പത് പന്തില്‍ 18 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നാമനായെത്തിയ കെ എല്‍ രാഹുലും ഗംഭീര തുടക്കം നല്‍കി. അഞ്ചാം ഓവറിലെ നാലാം പന്തിൽ പ്രസിദ്ധ് കൃഷ്ണ രാഹുലിനെ എൽബിഡബ്ല്യു ആക്കി. പവർപ്ലേയിൽ 73 റൺസാണ് ഡൽഹി നേടിയത്. കരുണ്‍ നായരെയും പുറത്താക്കിയ പ്രസിദ്ധ്, ഡൽഹി വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതു തടഞ്ഞു. 8.6 ഓവറിലാണ് ഡൽഹി 100 പിന്നിട്ടത്. പിന്നാലെ നാലാം വിക്കറ്റില്‍ 53 റണ്‍സ് ചേര്‍ത്ത ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍-ട്രിസ്റ്റന്‍ സ്റ്റബ്സ് സഖ്യം സ്കോര്‍ 146 വരെയെത്തിച്ചു. പിന്നാലെ സ്റ്റബ്സ് പുറത്തായി. അക്സറിനെ 18-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. രണ്ട് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. പിന്നീടെത്തിയ വിപ്രജ് നിഗം (0), ഡോണോവന്‍ ഫെരേര (1) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ അശുതോഷും മടങ്ങി. കുല്‍ദീപ് യാദവ് (4), മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 41 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, സായ് കിഷോർ, ഇഷാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. പോയിന്റ് പട്ടികയില്‍ ജയത്തോടെ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി ഗുജറാത്ത് ഒന്നാമതെത്തി. 

Exit mobile version