Site icon Janayugom Online

ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു

തെക്കേ ഇന്ത്യയിലൂടെ വര്‍ഷത്തില്‍ രണ്ട് തവണ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു. നിലവില്‍ വെബ് ഫോമുകളും ഓപ്പണ്‍ ഡാറ്റ കിറ്റ്, കൊബോ തുടങ്ങിയ വിവര ശേഖരണ സംവിധാനങ്ങളും, സോഷ്യല്‍ മീഡിയ സംവിധാനത്തെയും ഉപയോഗപ്പെടുത്തിയാണ് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഐനാച്ചുറലിസ്റ്റ് എന്ന ഓണ്‍ലൈന്‍ പൗര ശാസ്ത്ര പോര്‍ട്ടലില്‍ ‘ഡനൈന്‍ വാച്ച്’ എന്ന പ്രോജക്ടിലൂടെ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം കേരളാ വനം-വന്യജീവി വകുപ്പുമായി സഹകരിച്ച് പശ്ചിമഘട്ടത്തിലെ കാടുകളില്‍ വച്ച് ദേശാടന ശലഭങ്ങളുടെ ചിറകുകളില്‍ ടാഗുകള്‍ പതിപ്പിച്ചു നിരീക്ഷിച്ചും അവയുടെ ദേശാടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന ഈ ദേശാടനത്തെക്കുറിച്ച് ഇന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ ദേശാടനത്തിലെ പ്രധാന ശലഭങ്ങള്‍ കരിനീലക്കടുവ, അരളിശലഭം എന്നിവയാണ്. ചിത്രശലഭങ്ങളുടെ ഈ ദേശാടനത്തെപ്പറ്റി ആഴത്തിലുള്ള പഠനങ്ങള്‍ ഇന്ത്യയില്‍ ഇന്നുവരെ നടന്നിട്ടില്ല. പശ്ചിമഘട്ടമലനിരകളില്‍ കാലവര്‍ഷ മഴ എത്തുന്നതിന് തൊട്ടുമുമ്പായി, മാര്‍ച്ച് — ഏപ്രില്‍ മാസങ്ങളിലായി പൂര്‍വ്വഘട്ട പ്രദേശങ്ങളിലേക്കും കിഴക്കന്‍ സമതലങ്ങളിലേക്കും ഇവ ദേശാടനം ചെയ്യുന്നു. ഇന്ത്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തുലാവര്‍ഷ മഴ ശക്തി  പ്രാപിക്കുന്നതോടെ അവിടെ നിന്നും സപ്തംബര്‍ — നവംബര്‍ മാസങ്ങളിലായി ചിത്രശലഭങ്ങള്‍ പടിഞ്ഞാറുഭാഗത്ത് പശ്ചിമഘട്ടത്തിലേക്ക് സഞ്ചരിക്കുന്നതുമായിട്ടാണ് ഇതുവരെയുളള പഠനങ്ങളില്‍ കണ്ടെത്തിയത്.
പഠനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ഈ വര്‍ഷം പൊതുജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ ശലഭങ്ങളുടെ ദേശാടനം കാണുകയാണെങ്കില്‍, കണ്ട ആളുടെ പേരും കണ്ട സ്ഥലവും തീയതിയും അവിടെ നിന്നും ഏതു ദിശിയിലേക്ക് ആണ് അവര്‍ പറന്നു പോവുന്നത് എന്നും അഞ്ചു മിനിറ്റ് സമയത്തിനകം എത്ര അരളി ശലഭങ്ങളും എത്ര കരിനീലക്കടുവകളും ആണ് ഒരു 25 മീറ്റര്‍ പ്രദേശത്തുകൂടി കൂടി കടന്നു പോകുന്നത് എന്നും 9846704353, 9497402761 എന്നീ വാട്ട്‌സ്ആപ് നമ്പറുകളില്‍ അയക്കാം. മാപ്പ് ഉപയോഗിച്ച് ചിത്രശലഭങ്ങളെ കണ്ട ലൊക്കേഷന്‍ കൂടി ഷെയര്‍ ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Exit mobile version