പ്രശസ്ത ബാത്ത്റൂം ഉൽപ്പന്ന ബ്രാൻഡായ ‘സ്ക്വാട്ടി പോട്ടി’ സഹസ്ഥാപകനും അമേരിക്കൻ കോടീശ്വരനുമായ റോബർട്ട് എഡ്വേർഡ്‌സ് (50) അറസ്റ്റില്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെച്ചതിനും വാങ്ങിയതിനുമാണ് അറസ്റ്റ്. ഉട്ടാ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസാണ് ഫെഡറൽ കുറ്റങ്ങൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 10ന് ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് വാഷിംഗ്ടൺ കൗണ്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ കുറ്റം നിഷേധിച്ചുവെങ്കിലും ജാമ്യമില്ലാതെ തടവിൽ പാർപ്പിക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
2021 മാർച്ചിനും 2025 നവംബറിനും ഇടയിൽ നിരവധി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഇയാൾ സ്വീകരിച്ചതായാണ് കണ്ടെത്തൽ. 2021ൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈമാറുന്ന ഒരു ഓൺലൈൻ ഗ്രൂപ്പ് ചാറ്റിൽ എഫ് ബി ഐ ഏജന്റ് രഹസ്യമായി കടന്നുകൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ചാറ്റിൽ വീഡിയോകൾ സ്ട്രീം ചെയ്യുന്നതിനിടെ ദൃശ്യമായ വ്യക്തികളിൽ ഒരാൾ എഡ്വേർഡ്‌സാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 2025 മേയിൽ ഇയാളുടെ പേപാൽ അക്കൗണ്ട് വഴി ഇത്തരം ദൃശ്യങ്ങൾ വാങ്ങിയതായി കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കി.
കഴിഞ്ഞ നവംബറിൽ എഡ്വേർഡ്‌സിന്റെ വീട്ടിലും വാഹനത്തിലും നടത്തിയ തിരച്ചിലിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവയിൽ നൂറുകണക്കിന് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിൽ ചില ഫയലുകൾ പരിശോധനയ്ക്ക് രണ്ടാഴ്ച മുൻപ് മാത്രം ഡൗൺലോഡ് ചെയ്തവയായിരുന്നു. കേസിൽ മാർച്ച് 2ന് സെന്റ് ജോർജിലെ ഫെഡറൽ കോടതിയിൽ വിശദമായ വാദം നടക്കും.

