Site iconSite icon Janayugom Online

ഉപതെരഞ്ഞെടുപ്പ്; നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം 1100 ൽപരം വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിംഗ് ബൂത്തുകള്‍ കൂടി നിലവില്‍ വരും. മണ്ഡലത്തില്‍ നിലവില്‍ 204 പോളിങ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും. വോട്ടിംഗ് സുഗമമായി നടത്താനും നീണ്ട വരി ഇല്ലാതാക്കാനും വേണ്ടിയാണ് സ്ഥലം മാറ്റാതെ പുതിയ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ സഹകരണം വേണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ബിഎല്‍ഒ മാരുടെയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് വൈകിട്ട് നാലിന് വില്ലേജ് ഓഫീസുകളില്‍ നടക്കും. ബിഎല്‍ഒമാര്‍, ബൂത്തുതല ഏജന്റുമാര്‍ എന്നിവരുടെ സംയോജിത സഹകരണത്തോടെ എട്ടിനുള്ളില്‍ ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കണം. നിലമ്പൂരില്‍ മാത്രം 42 ബിഎല്‍ഒ മാരെ പുതുതായി നിയമിക്കും. 

യോഗത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ പി സുരേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി എം സനീറ, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഇസ്മായില്‍ മൂത്തേടം, സി എച്ച് നൗഷാദ്, ഇ പത്മാക്ഷന്‍, അജീഷ് എടാലത്ത്, പി മുഹമ്മദാലി, ടി രവീന്ദ്രന്‍, കാടാമ്പുഴ മോഹന്‍, ബിജു എം സാമുവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Exit mobile version