യുപി ഉപതിരഞ്ഞെടുപ്പില്‍,ഇന്ത്യ മുന്നണി സ്ഥാനാര്‍ഥികള്‍ സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കുമെന്ന് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.സീറ്റ് പങ്കിടല്‍ ക്രമീകരണത്തേക്കാള്‍ ഉപരി വിജയലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞുവലിയ വിജയത്തിനായി കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഒറ്റക്കെട്ടായി തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും. ഇന്ത്യ മുന്നണി ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ പുതിയ അദ്ധ്യായം കുറിക്കാന്‍ പോകുന്നതായി അഖിലേഷ് യാദവ് പറഞ്ഞു.
ഈ അഭൂതപൂര്‍വമായ സഹകരണവും പിന്തുണയും കൊണ്ട്, 9 നിയമസഭാ സീറ്റുകളിലും ഇന്‍ഡ്യാ മുന്നണിയിലെ ഓരോ പ്രവര്‍ത്തകനും വിജയിക്കാനുള്ള ദൃഢനിശ്ചയത്തോടെ പുതിയ ഊര്‍ജം നിറയ്ക്കുന്നു,’ പോസ്റ്റില്‍ കുറിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെയും ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് ഊന്നല്‍ നല്‍കുന്നതെന്നും അഖിലേഷ് പറഞ്ഞു.
കഠേഹാരി (അംബേദ്കര്‍ നഗര്‍), കര്‍ഹാല്‍ (മെയിന്‍പുരി), മീരാപൂര്‍ (മുസാഫര്‍നഗര്‍), ഗാസിയാബാദ്, മജവാന്‍ (മിര്‍സാപൂര്‍), സിഷാമൗ (കാന്‍പൂര്‍), ഖൈര്‍ (അലിഗഡ്), ഫുല്‍പൂര്‍ (പ്രയാഗ്രാജ്), കുന്ദര്‍ക്കി(മൊറാദാബാദ്) എന്നിങ്ങനെ ഒമ്പത് സീറ്റുകളിലേക്കാണ് നവംബര്‍ 13‑ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എസ്പി നല്‍കിയത് വെറും രണ്ട് സീറ്റ് മാത്രമാണ്. ബാക്കി ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.
ഗാസിയാബാദ് സദര്‍, ഖൈര്‍ എന്നീ സീറ്റുകളാണ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. ഇതിന് പുറമെ ഫൂല്‍പൂര്‍, മഞ്ജാവ, മീരാപൂര്‍ സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് കീഴില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. 80 ലോക്സഭാ മണ്ഡലങ്ങളില്‍ 43ലും വിജയിച്ച സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ്പി 37 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട അമേഠിയും കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനായി. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍ നടക്കുക.