Site iconSite icon Janayugom Online

ജനകീയ കൂട്ടായ്മയിലൂടെ തെരുവ് നായ ശല്യം തടയും; ജില്ലാ തലത്തില്‍ നാലംഗസമിതി

street dogsstreet dogs

കോവിഡും പ്രളയവും നേരിട്ടതു പോലെ സർക്കാർ നേതൃത്വം നൽകുന്ന ജനകീയ കൂട്ടായ്മയിലൂടെ തെരുവ് നായ ശല്യത്തിനും അറുതി വരുത്തുമെന്ന് മന്ത്രിമാരായ കെ രാജനും എം ബി രാജേഷും. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും നാലംഗ സമിതി രൂപീകരിച്ചതായി മന്ത്രിമാര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയതാണ് സമിതി. ഇതിന്റെ പ്രവർത്തനങ്ങൾ ആഴ്ചയിലൊരിക്കൽ അവലോകനം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാര്‍ വ്യക്തമാക്കി.
തെരുവ് നായ ശല്യത്തെക്കുറിച്ചും സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ദിവസേന റിപ്പോർട്ട് നൽകണം. വാക്‌സിനേഷൻ പുരോഗതി, എബിസി കേന്ദ്രം സജ്ജമാക്കൽ എന്നിവയുൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. നായകളെ ആകർഷിക്കും വിധം മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കർശനമായി തടയാൻ ഹോട്ടൽ-അറവുശാലാ വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം വിളിക്കും. യോഗ തീരുമാനങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്നും ഉറപ്പാക്കും. തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമ്മാർജ്ജനം ചെയ്യാനും യോഗത്തിൽ തീരുമാനമായതായി മന്ത്രിമാര്‍ പറഞ്ഞു.
തെരുവ് നായ പ്രശ്‌നത്തിൽ എംഎൽഎമാരുടെ കൂടി പങ്കാളിത്തത്തോടെ ഒരാഴ്ചക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇത് സംബന്ധിച്ച് എല്ലാ എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ട്. മനുഷ്യർക്ക് തെരുവ് നായകളുടെ കടിയേറ്റത് കണക്കാക്കി സംസ്ഥാനത്തെ ആക്രമണകാരികളായ തെരുവ് നായകളുള്ള സ്ഥലങ്ങളുടെ ഹോട്ട്‌സ്‌പോട്ട് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകൾക്ക് പ്രാധാന്യം നൽകിയായിരിക്കും വാക്‌സിനേഷൻ നടപടികൾ നടപ്പാക്കുകയെന്ന് റവന്യു മന്ത്രി കെ രാജനും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും അറിയിച്ചു.

Eng­lish Sum­ma­ry: By pub­lic asso­ci­a­tion, stray dog nui­sance will be pre­vent­ed; Four mem­ber com­mit­tee at dis­trict level

You may like this video also

Exit mobile version