Site iconSite icon Janayugom Online

ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ടു; ബൈജൂസിന് നഷ്ടം 8,245 കോടി

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2021–22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പൂര്‍ണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. 22 മാസം വൈകിയാണ് ബൈജൂസ് കമ്പനികാര്യ മന്ത്രാലയത്തിന് സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്പനിയുടെ സംയോജിത വരുമാനം 2020–21 സാമ്പത്തിക വര്‍ഷത്തെ 2,428 കോടി യില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടിയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചതായും മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 നവംബറില്‍ ബൈജൂസ് ഭാഗികമായ പ്രവര്‍ത്തനഫലം പുറത്തു വിട്ടിരുന്നു.

പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ ബൈജൂസ് ഇതുവരെ ഉയര്‍ത്തിയിരുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും വ്യക്തമായി. വരുമാനം നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്നായിരുന്നു നേരത്തെ ബൈജൂസ് പറഞ്ഞിരുന്നത്. എന്നാല്‍ 5,298 കോടി രൂപയാണ് വരുമാനമെന്ന് പൂര്‍ണമായ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നതായി സൂചനയുണ്ട്.

ഇതിന് വേണ്ടി കമ്പനിയുടെ മൂല്യം 90 ശതമാനത്തോളം വെട്ടിക്കുറച്ചേക്കും. കമ്പനിയുടെ മൂല്യം വെറും 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) കണക്കാക്കിയാകും ഫണ്ടിങ് തേടുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2022ന്റെ അവസാനം വരെ 2200 കോടി ഡോളര്‍ (ഏകദേശം 1.82 ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.

Eng­lish Sum­ma­ry: Byju’s net loss soars to Rs 8,245 cr in FY22
You may also like this video

Exit mobile version