Site icon Janayugom Online

ചരിത്രം തൊടുന്ന പുസ്തകം

book

സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്നു സി അച്യുതമേനോൻ. 1969 നവംബർ മുതൽ 1977 മാർച്ച് വരെ മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ സമഗ്രവികസനത്തിന് അച്യുതമേനോൻ നല്കിയ അവിസ്മരണീയമായ സംഭാവനകളെക്കുറിച്ച് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു രചിച്ച ‘സി അച്യുതമേനോൻ കേരളത്തിന്റെ വികസനശില്പി’ എന്ന കൃതി കേരള വികസനത്തെക്കുറിച്ചും അച്യുതമേനോനെക്കുറിച്ചും പഠിക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത ആധികാരികഗ്രന്ഥമാണ്. അച്യുതമേനോന്റെ വികസനനയങ്ങൾ, നിയമനിർമ്മാണങ്ങൾ, അദ്ദേഹം സ്ഥാപിച്ച പഠന ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോടൊപ്പം 1957ൽ അച്യുതമേനോൻ നടത്തിയ ബജറ്റ് പ്രസംഗം, അദ്ദേഹം ആവിഷ്കരിച്ച ശാസ്ത്രസാങ്കേതികനയം എന്നിവയും ഈ കൃതിയിലുണ്ട്.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും സമുന്നത കമ്യൂണിസ്റ്റു നേതാവുമായിരുന്ന സി അച്യുതമേനോനെ തമസ്കരിക്കാൻ മന:പൂർവം ശ്രമിക്കുന്നവർക്കുള്ള സമുചിതമായ മറുപടിയാണ് ‘സി അച്യുതമേനോൻ കേരളത്തിന്റെ വികസനശില്പി’ എന്ന കൃതി. കേരളത്തിൽ ഇന്ന് കാണുന്ന മികച്ച സ്ഥാപനങ്ങളെല്ലാം പടുത്തുയർത്തിയത് അച്യുതമേനോൻ എന്ന മഹാനായ ഭരണാധികാരിയുടെ നേതൃത്വത്തിലായിരുന്നു. അച്യുതമേനോന്റെ മുൻകയ്യിൽ അവതരിപ്പിക്കപ്പെട്ട, നാടിന്റെ മുഖച്ഛായ മാറ്റിയ പ്രാധാന നിയമനിർമ്മാണങ്ങളും അദ്ദേഹം തുടക്കം കുറിച്ച പ്രമുഖ സ്ഥാപനങ്ങളും കെ പ്രകാശ്ബാബു ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നു.
ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അച്യുതമേനോൻ നടത്തിയ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്ന ദിശയിൽതന്നെയാണ് മുഖ്യമന്ത്രി എന്ന നിലയിൽ അച്യുതമേനോൻ മുന്നോട്ടുപോയത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ആദ്യമായി ശാസ്ത്രസാങ്കേതികനയം ആവിഷ്കരിച്ചത് 1972 ൽ അച്യുതമേനോൻ മന്ത്രിസഭയാണ്. ശാസ്ത്രസാങ്കേതികന രേഖയുടെ പൂർണരൂപം ഈ പുസ്തകത്തിൽ വായിക്കാം. അച്യുതമേനോന്റെ ക്രാന്തദർശിത്വത്തിന്റെയും ധിഷണാ വൈഭവത്തിന്റെയും നിദർശനങ്ങളാണ് 1957ലെ ബജറ്റ് പ്രസംഗവും ശാസ്ത്ര സാങ്കേതിക നയവും.
അച്യുതമേനോൻ എന്ന ഭരണാധികാരിയുടെയും അദ്ദേഹം പിന്തുടർന്ന വികസനസങ്കല്പത്തിന്റെയും മിഴിവുറ്റ ചിത്രം വരച്ചുകാട്ടുന്ന ഈ പുസ്തകത്തിലൂടെ കേരളീയ സമൂഹത്തിന് അമൂല്യമായ സംഭാവനയാണ് പ്രകാശ്ബാബു നല്കുന്നത്. ചരിത്രവിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായ, പഠനാർഹമായ ഈ ഗ്രന്ഥം വലിയ ഒരു ചരിത്രദൗത്യമാണ് നിറവേറ്റുന്നത്. 

Exit mobile version