കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ശക്തനായ പ്രതിനിധിയുമായ സി അച്യുതമേനോന്റെ പൂർണകായ പ്രതിമയും വഹിച്ചുള്ള സ്മൃതിയാത്രയ്ക്ക് എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആവേശകരമായ സ്വീകരണം. കറുകുറ്റിയില്‍ വച്ച് എറണാകുളം ജില്ലയിലേക്ക് യാത്രയെ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വൈറ്റിലയിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ കെ അഷ്റഫ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ജില്ലാ അതിര്‍ത്തിയായ അരൂരില്‍ വച്ച് പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ണായ ആലപ്പുഴയിലേക്ക് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ നേതൃത്വത്തില്‍ യാത്രയെ വരവേറ്റു. തുടര്‍ന്ന് ചേര്‍ത്തല വിടിഎഎം ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മന്ത്രി പി പ്രസാദ് അധ്യക്ഷനായി.
കോട്ടയം ജില്ലാ അതിർത്തിയായ അംബികാമാർക്കറ്റിൽ എത്തിച്ചേർന്ന ജാഥയെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ ശശിധരൻ, ആർ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ എതിരേറ്റു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വൈക്കം കച്ചേരിക്കവലയിലെത്തിയ യാത്രയ്ക്ക് ബോട്ട് ജെട്ടി മൈതാനത്ത് നല്‍കിയ സ്വീകരണത്തില്‍ സി കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.
സ്മൃതി യാത്രാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, ഡയറക്ടര്‍ സത്യൻ മൊകേരി, അംഗങ്ങളായ ടി വി ബാലൻ, ടി ടി ജിസ് മോന്‍, ഇ എസ് ബിജിമോൾ, പി കബീർ എന്നിവര്‍ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.
English Summary: C Achyutamenon Smriti Yatra
You may also like this video