ഇന്ത്യൻ പാർലമെന്റിന്റെ വർഷകാല സമ്മേളനം ഫലപ്രദമായി നടന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണപരാജയം തുറന്നുകാട്ടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ടു. പ്രതിപക്ഷമില്ലാത്ത, എതിർ അഭിപ്രായങ്ങൾ ഉയർന്നു വരാത്ത ഒരു പുതിയ വ്യവസ്ഥിതി അടിച്ചേല്പിക്കാൻ തന്റെ അധികാരം വിനിയോഗിക്കുന്ന തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം സ്വീകരിക്കുന്നതിന്റെ ഫലമായി പ്രധാനമന്ത്രിയ്ക്ക് സഭയെ നേരിടാൻ ഭയമാണ്. പല സന്ദർഭങ്ങളിലും പാർലമെന്റിൽ ചർച്ചയ്ക്ക് വിധേയമാക്കേണ്ട സുപ്രധാന വിഷയങ്ങളിൽനിന്ന് ഒരു ഭീരുവിനെപോലെ പ്രധാനമന്ത്രി ഒളിച്ചോടുന്നു. ചർച്ചകളും, ഭേദഗതികളും, സൂക്ഷ്മപരിശോധനകളും കൂടാതെ പാർലമെന്റിലെ പ്രക്ഷുബ്ധമായ രംഗങ്ങൾ മറയാക്കി സുപ്രധാന നിയമനിർമ്മാണം നടത്തുക ഈ സർക്കാരിന്റെ ഒരു നയമായി മാറുന്നു. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാബാധ്യതയുള്ള സ്പീക്കറും, പ്രധാനമന്ത്രിയും നഗ്നമായ ഭരണഘടനാലംഘനം ആവർത്തിക്കുന്നു. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്രയും അരാജകത്വം നിറഞ്ഞ നടപടികൾ ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിൽ വന്ന ജനപ്രതിനിധി സഭകളിൽ പോലും ഇത്രയും നഗ്നമായ അവകാശനിഷേധങ്ങൾ നടന്നിട്ടില്ല. ലോകത്തിനുതന്നെ മാതൃകയായ നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാ അടിസ്ഥാനലക്ഷ്യങ്ങളും ജീർണതയെ നേരിടുന്നു. മതേതരത്വം, ജനാധിപത്യം, വ്യക്തിസ്വാതന്ത്യ്രം, സ്ഥിതി സമത്വം തുടങ്ങിയ അതിമഹത്തായ നമ്മുടെ ഭരണഘടനയുടെ ലക്ഷ്യങ്ങളോരോന്നായി തകർന്നടിയുന്ന അനുഭവങ്ങളിൽ ജനങ്ങൾ അമ്പരന്നു നില്ക്കുന്നു.
ഇത്തരം അതീവഗുരുതര വിഷയങ്ങളാണ് പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷപാർട്ടികൾ ചർച്ചകൾക്കു വിധേയമാക്കാൻ ശ്രമിച്ചത്. എന്നാലതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സ്വാഭാവികമായും ജനപ്രതിനിധികളുടെ രോഷം അണപൊട്ടി ഒഴുകും. ആ തക്കം നോക്കി സർക്കാർ ജനദ്രോഹനിയമ നടപടികൾ പൂർത്തിയാക്കുന്നു. ഇത് പാർലമെന്റ് എന്ന ജനങ്ങളുടെ ഉന്നത അധികാരസഭയെ ‘മോക്കറി‘യാക്കി മാറ്റുന്നു. ബിജെപി സംഘപരിവാറിന്റെ രഹസ്യ അജണ്ടയാണ് പാർലമെന്റ് സമ്മേളനത്തെ നിർജീവമാക്കുക. അതുവഴി ജനാധിപത്യവ്യവസ്ഥിതിയെ അട്ടിമറിക്കുക. ഈ സംരംഭത്തിന്റെ ഒരു “ഡ്രസ് റിഹേഴ്സ’ലാണ് പാർലമെന്റ് സമ്മേളനത്തിൽ പ്രകടമായത്.
മോഡി ഭരണം ഏഴു സംവത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യൻ ജനതയുടെ അനുഭവങ്ങൾ ഓരോന്നായി പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷങ്ങളെ അനുവദിച്ചില്ല. മോഡി സർക്കാർ എല്ലാ രംഗത്തും ദാരുണമായി പരാജയപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് സാമ്പത്തികരംഗത്തും പൊതുജനാരോഗ്യരംഗത്തും എന്നത് സാധാരണ ജനങ്ങൾപോലും അവരുടെ അനുഭവങ്ങളിലൂടെ തെളിയിക്കുകയാണ്. ഈ രംഗങ്ങളിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരാൻ പ്രതിപക്ഷപാർട്ടികൾ പ്രതിജ്ഞാബദ്ധമാണ്. ഈ കടമ നിർവഹിക്കാൻ പ്രതിപക്ഷങ്ങളെ അനുവദിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്ത്യയിലെ പ്രതിപക്ഷപാർട്ടികളുടെ സംയുക്ത ദേശീയഐക്യവേദി ഉയർന്നു വരികയാണ്. അവർ ജനങ്ങളെ അണിനിരത്തി ഈ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനുള്ള ജനകീയസമരങ്ങൾക്ക് രൂപം നല്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നു.
രാജ്യത്ത് അരങ്ങേറുന്ന പല സംഭവങ്ങളും പാർലമെന്റിനുള്ളിൽ പ്രതിപക്ഷം വിശദീകരിക്കുന്നതോടെ നരേന്ദ്രമോഡിയുടെ ഭരണമെന്ന ചീട്ടുകൊട്ടാരം തകർന്നു വീഴുമെന്ന് ഭയക്കുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് പാർലമെന്റിൽ മന്ത്രിമാർ ആവർത്തിക്കുന്നത്. പുതിയ ആരോഗ്യവകുപ്പുമന്ത്രി മൻഷുക് മാദവ്യ രാജ്യസഭയിൽ നടത്തിയ പ്രസ്താവന കേട്ട് രാജ്യം തന്നെ ലജ്ജിച്ചുപോയി. “കോവിഡിന്റെ രണ്ടാം വരവിന്റെ ഫലമായി രാജ്യത്ത് ഒരിടത്തും ഓക്സിജന്റെ കുറവ് മൂലം ഒരു മരണവും സംഭവിച്ചിട്ടില്ല. ” മന്ത്രി ഈ പ്രസ്താവന രാജ്യസഭയിൽ നടത്തുമ്പോൾ ഓക്സിജൻ കിട്ടാതെ രോഗികൾ ഡൽഹിയിലെ ആശുപത്രികളിൽ പിടയുകയാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ അതിദാരുണമാംവിധം പരാജയപ്പെട്ടു. നൂറു കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച ഈ മഹാമാരിയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവും ഫലപ്രദവുമായ ഒരു ദേശീയനയം ആവിഷ്കരിക്കാൻ കഴിഞ്ഞില്ല. 2022 ഫെബ്രുവരി — മാർച്ച് മാസങ്ങളിലായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവാ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുകയാണ്. വർഷകാല പാർലമെന്റ് സമ്മേളനത്തിൽ മോഡി സർക്കാരിന്റെ ഭരണപരാജയം തുറന്നു കാട്ടപ്പെടാൻ പാടില്ലെന്നും അതിനുള്ള അവസരം ഒരു കാരണവശാലും അനുവദിക്കരുതെന്നുമുള്ള സംഘപരിവാറിന്റെ ഉപദേശം നടപ്പിലാക്കിയതോടെ പാർലമെന്റ് സമ്മേളനം വെറും ഒരു ചടങ്ങായി പരിണമിച്ചു.
ജിഹാദി ഭീകര ആക്രമണത്തിന്റെയും, പ്രധാനമന്ത്രിയുടെ വാചാലമായ വാഗ്ദാനങ്ങളുടെയും കൊടുങ്കാറ്റു സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതിനിടയിൽ സാർവദേശീയവാർത്താ ഏജൻസികൾ ഉയർത്തികൊണ്ടു വന്ന പെഗാസസ് ചാരപ്പണിയിൽ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന അതീവഗുരുതരമായ ആരോപണം ഉയർന്നു വന്നു. ഇന്ത്യയിലെ ഭരണാധികാരികളിൽ ചിലർ, ജുഡീഷ്യറിയിലെ വ്യക്തികൾ, രാഷ്ട്രീയപാർട്ടിനേതാക്കന്മാർ, കേന്ദ്രമന്ത്രിസഭയിലെ മൂന്നു മന്ത്രിമാർ തുടങ്ങി മോഡിസർക്കാരിന്റെ പല പ്രമുഖരും പെഗാസസ് ചാരസംഘത്തിൽ ഉൾപ്പെടുന്നുവെന്ന വാർത്തയും പുറത്തു വന്നു. ഈ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ലോക്‌സഭയിൽ ഉന്നയിച്ചിട്ടും പ്രധാനമന്ത്രി ചർച്ച അനുവദിച്ചില്ല.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ അതീവഗൗരവമായ പ്രശ്നം പോലും പാർലമെന്റിൽ ചർച്ച ചെയ്യാൻ കഴിയാതെ മഴക്കാലപാർലമെന്റ് സമ്മേളനം ജനാധിപത്യവിരുദ്ധമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ അതിമഹത്തായ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ നോക്കുകുത്തിയാക്കി ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് സംഘപരിവാറിന്റെ ഫാസിസ്റ്റ് പദ്ധതിയാണ്.
ദരിദ്ര ജനവിഭാഗങ്ങൾക്കും അഭയാർത്ഥി തൊഴിലാളികൾക്കും കോവിഡ് ദുരന്ത കാലത്ത് എന്ത് സഹായമാണ് കേന്ദ്രം നല്കിയതെന്ന ചോദ്യത്തിനു പോലും മറുപടി നല്കാൻ മന്ത്രിമാർ സന്നദ്ധമായില്ല. കഴിഞ്ഞ് എട്ടുമാസക്കാലമായി രാജ്യത്തെ ആയിരക്കണക്കിന് കർഷകർ ആരംഭിച്ചസമരം തുടരുകയാണ്. പാർലമെന്റിൽ ഗൗരവമായി ചർച്ചയ്ക്ക് വിധേയമാക്കാതെ, നിയമം പാസാക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാടെ ലംഘിച്ചുകൊണ്ട് ഇന്ത്യയിലെ കർഷകലക്ഷങ്ങളുടെ ഭൂമി കോർപ്പറേറ്റുകൾ കൈമാറാനും അവരുടെ ഉല്പന്നങ്ങൾക്ക് സ്വതന്ത്രമായ കമ്പോളത്തിൽ വില്ക്കാനുമുള്ള അവസരങ്ങൾ റദ്ദാക്കികൊണ്ടുള്ള കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുന്നതുവരെ അനിശ്ചിതമായി സമരം നടത്തുന്ന കർഷകരുടെ പ്രശ്നം ചർച്ച ചെയ്യാനും പാർലമെന്റിൽ അവസരം അനുവദിച്ചില്ല.
കോവിഡ് സൃഷ്ടിച്ച ദുരന്തം, ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിരന്തരം അനിയന്ത്രിതമായി വില വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും പ്രശ്നങ്ങൾ, രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന പെഗാസസ് ചാരസംഘത്തിന്റെ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ തകർന്നടിയുന്ന സാമ്പത്തികരംഗം തുടങ്ങി രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാൻ അനുവദിക്കാതെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചത്. ഇന്ത്യൻ ജനാധിപത്യവും, ഭരണഘടനയും കടുത്ത വെല്ലുവിളികളെ നേരിടുന്നുവെന്ന സൂചനയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം നല്കുന്നത്.