Site iconSite icon Janayugom Online

സി ജെ റോയിയുടെ ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. റോയി വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്തായാണ്. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. ഇടതു നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിന്‍ഭാഗത്തുകൂടി പുറത്തുകടന്ന് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചു.

അന്വേഷണത്തിനിടെ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. ഏത് അന്വേഷണമായും സഹകരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യാഴാഴ്ചയാണ് സിജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. 

അതേസമയം റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തി. ബംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡിനിടെ സിജെ റോയ് സ്വയം വെടിവച്ചു മരിച്ചത്. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നല്‍കി റോയിയെ ദുബൈയില്‍നിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. അതേസമയം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരന്‍ ആരോപിച്ചു. ഓഫിസില്‍ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയതിനെത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നും ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു.

Exit mobile version