Site iconSite icon Janayugom Online

സി-വിജില്‍ : ലഭിച്ചത് 4.24 ലക്ഷം പരാതികള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനുള്ള സി-വിജില്‍ ആപ്പിലൂടെ ലഭിച്ചത് 4.24 ലക്ഷം പരാതികള്‍. ഇവയില്‍ 99 ശതമാനവും തീര്‍പ്പാക്കിയതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 4,23,908 പരാതികളില്‍ പരിഹാരം കണ്ടതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശേഷിക്കുന്ന 409 കേസുകളിൽ നടപടി പുരോഗമിക്കുന്നു. ഏകദേശം, 89 പരാതികളും 100 മിനിറ്റിനുള്ളില്‍ പരിഹരിച്ചതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

നിര്‍ദ്ദിഷ്ട സമയത്തിനും ശബ്ദപരിധിക്കും അപ്പുറമുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം, നിരോധന കാലയളവിലെ പ്രചാരണം, അനുമതിയില്ലാതെ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കല്‍, അനുവദനീയമായ പരിധിക്കപ്പുറമുള്ള വാഹനവിന്യാസം, സ്വത്ത് നശിപ്പിക്കല്‍, തോക്കുകള്‍ പ്രദര്‍ശിപ്പിക്കല്‍/ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പരിശോധിക്കല്‍ എന്നിവയ്ക്കായി പൗരന്മാര്‍ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു. ഇനംതിരിച്ചുള്ള പരാതികള്‍ ചുവടെ നല്‍കിയിരിക്കുന്നു:

പൗരന്മാരെ ജില്ലാ കണ്‍ട്രോള്‍ റൂം, റിട്ടേണിങ് ഓഫീസര്‍, ഫ്‌ളൈയിങ് സ്‌ക്വാഡ് ടീമുകള്‍ എന്നിവയുമായി കൂട്ടിയിണക്കുന്ന ആപ്ലിക്കേഷനാണ് സി-വിജില്‍. ഉപയോക്താക്കള്‍ക്ക് ശബ്ദമോ ചിത്രങ്ങളോ അല്ലെങ്കില്‍ വീഡിയോയോ തത്സമയം പകര്‍ത്താനാകും. പരാതി അയച്ചാലുടന്‍ പരാതിക്കാരന് പ്രത്യേക ഐഡി ലഭിക്കും. അതിലൂടെ പരാതിക്കാരന് അവരുടെ മൊബൈലില്‍ പരാതിയുടെ നില പരിശോധിക്കാൻ കഴിയും. പരാതികളോട് സമയബന്ധിതമായി പ്രതികരിക്കുന്നതിന് ‘100 മിനിറ്റ്’ കൗണ്ട്ഡൗണ്‍ സി-വിജില്‍ ഉറപ്പാക്കുകയും ചെയ്യുന്നു. 

ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപയോക്താവ് സി-വിജിലിലെ ക്യാമറ ഓണാക്കിയാലുടന്‍ ആപ്ലിക്കേഷന്‍ സ്വയം ജിയോ-ടാഗിങ് സവിശേഷത പ്രവര്‍ത്തനക്ഷമമാക്കുന്നു. അതിലൂടെ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ക്ക് ലംഘനം നടന്ന കൃത്യമായ സ്ഥാനം അറിയാന്‍ കഴിയും. കൂടാതെ പൗരന്മാര്‍ പകര്‍ത്തിയ ചിത്രം കോടതിയില്‍ തെളിവായി ഉപയോഗിക്കാനുമാകും. പൗരന്മാര്‍ക്ക് പേര് വെളിപ്പെടുത്താതെ പരാതികള്‍ അറിയിക്കാനും സിവിജിലില്‍ സൗകര്യമുണ്ട്. 

Eng­lish Summary:C‑Vigil: 4.24 lakh com­plaints received
You may also like this video

Exit mobile version