വിവാദമായ പൗരത്വഭേദഗതി നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടികളില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രം. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര മതവിഭാഗങ്ങള്‍ ഏതെങ്കിലും രേഖകള്‍ സമര്‍പ്പിച്ചാല്‍ പൗരത്വം നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഡോക്യുമെന്റേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് നീക്കം.
നിയമത്തിലെ ഷെഡ്യൂള്‍ 1എ അനുസരിച്ച് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം തെളിയിക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന ഒമ്പത് രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. രാജ്യത്ത് സിഎഎ നടപ്പാക്കിയത് മൂലം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് പൗരത്വത്തിനുള്ള നടപടികള്‍ ലഘൂകരിക്കുന്നുവെന്ന മട്ടില്‍ കേന്ദ്രം നിയമവ്യവസ്ഥകളില്‍ മാറ്റം വരുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മൂന്ന് വിദേശരാജ്യങ്ങളിലെ സംസ്ഥാന, കേന്ദ്ര, ക്വാസി ഫെഡറല്‍ വൃത്തങ്ങള്‍ നല്‍കുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകുമെന്നാണ് പുതുക്കിയ ഉത്തരവില്‍ പറയുന്നത്. അപേക്ഷകരുടെ മാതാപിതാക്കളോ മുത്തശ്ശനോ മുത്തശ്ശിയോ ആരെങ്കിലും ഒരാളുടെ രേഖകൾ പോലും സ്വീകാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ സൂചിപ്പിക്കുന്നത്.
പ്രദേശിക മതസ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് പരിഗണിക്കാമെന്ന ഉത്തരവ് നേരത്തെ തന്നെ വിവാദമായിരുന്നു. മുകളില്‍ പറഞ്ഞ മൂന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തുന്ന ആറ് മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സിഎഎ പ്രകാരം പൗരത്വം ലഭിക്കുക.
English Summary: CAA: Center says any document is sufficient for Indian citizenship
You may also like this video