Site icon Janayugom Online

സിഎഎ നിഗൂഢത തിരിച്ചറിയണം: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്നും പൗരത്വ നിയമ ഭേദഗതി (സിഎഎ) യിലെ നിഗൂഢത തിരിച്ചറിയണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംയുക്ത കുരിശിന്റെ വഴിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം. എന്നാൽ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. ഛിദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്കൊപ്പം നിൽക്കുന്നതിന് ശ്രമിക്കണം. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: മാർ തോമസ് തറയിൽ

മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംയുക്ത കുരിശിന്റെ വഴിയിൽ പ്രാരംഭ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ആരെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത് ആ രാജ്യത്തിന്റെ പരാജയമാണ്. നമ്മെ പല രീതിയിൽ ഭയപ്പെടുത്തുന്ന ശക്തികൾ നമുക്ക് ചുറ്റുമുണ്ട്. മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു.

Eng­lish Summary:CAA Mys­tery Must Be Real­ized: Arch­bish­op Thomas J. Neto
You may also like this video

Exit mobile version