Site iconSite icon Janayugom Online

സിഎഎ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം

പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമം പ്രാബല്യത്തിലാക്കാനാണ് കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കി.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നിലവില്‍ വന്നുവെങ്കിലും ചട്ടങ്ങള്‍ രൂപവല്‍കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജെയിന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയത്.

2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നായിരുന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ 2014 ന് ശേഷവും ഇന്ത്യയില്‍ എത്തിയവര്‍ക്ക് സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: CAA rules in first week of March
You may also like this video

Exit mobile version