Site iconSite icon Janayugom Online

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍ക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വിൽക്കുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. എന്നാല്‍, റവന്യു വകുപ്പ് പതിച്ചു നൽകിയ ഭൂമിയിലുള്ള സർക്കാരിലേയ്ക്ക് റിസർവ് ചെയ്ത ചന്ദന മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടാകില്ല. ഇതിന് ഭൂമിയ്ക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യു നിയമങ്ങളിൽ ഭേദഗതി വരുത്തണം. നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാനും അനുമതി നൽകും.

വനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പിഴയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം രാജിയാക്കാൻ നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും. നിലവില്‍ കോടതിയിൽ എത്തുന്ന വനകുറ്റകൃത്യങ്ങൾ രാജിയാക്കാൻ (കോമ്പൗണ്ട് ചെയ്യാൻ) ഇപ്പോൾ വ്യവസ്ഥയില്ല. ഇത്തരം ചില കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കൽ, വന്യമൃഗങ്ങളെ ശല്യപ്പെടുത്തൽ, ജലാശയങ്ങളിൽ വിഷം ചേർത്തും മറ്റുവിധത്തിലും അനധികൃതമായി മത്സ്യം പിടിക്കൽ എന്നിവ തടയും. വന ഉല്പന്നങ്ങൾ കൈവശം വയ്ക്കുന്നവർക്ക് അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകും. വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന പിഴത്തുകകൾ വർധിപ്പിക്കും.

വിൽക്കുന്ന ചന്ദന മരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇപ്പോൾ സ്വന്തം ഭൂമിയിൽ നിന്ന് ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കൂന്ന സ്ഥിതിയുണ്ട്. അതിനാൽ തന്നെ ചന്ദനമരം നട്ടുപിടിപ്പിക്കാൻ ആളുകൾ തയ്യാറാവുന്നില്ല. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതൽ ഏഴായിരം രൂപ വരെയാണ് ഇപ്പോൾ മാർക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയും കൂടുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version