Site icon Janayugom Online

കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

ഝാര്‍ഖണ്ഡില്‍ റോപ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണാണ് ഒരാള്‍ മരിച്ചത്. ദേവ്ഘര്‍ ജില്ലയിലെ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിലെ റോപ് വേയിലാണ് അപകടം. 12 കാബിനുകളിലായി 48 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്.

20 പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം നടന്ന ഉടനെ താഴേക്ക് ചാടിയ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

766 മീറ്റര്‍ നീളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ് വേയില്‍ നാലുപേര്‍ക്ക് കയറാനാകുന്ന 25 കാബിനുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബമായ റോപ്‍വേയാണ് ത്രികൂടെന്ന് ഝാര്‍ഖണ്ഡ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നു. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു.

Eng­lish summary;Cable car col­li­sion; Two died

You may also like this video;

Exit mobile version