Site icon Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ അഴിമതി കണ്ടെത്തിയ സിഎജി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

ആയുഷ്മാന്‍ ഭാരത്, ദ്വാരക ഹൈവേ നിര്‍മ്മാണം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് മോഡിയുടെ വിശ്വസ്തനായ സിഎജി ഗിരിഷ് ചന്ദ്ര മുര്‍മ്മു സ്ഥലം മാറ്റിയത്. പ്രിന്‍സിപ്പല്‍ ഓഡിറ്റ് ഡയറക്ടര്‍ അതുര്‍വ സിന്‍ഹ, എഎംജി ഡയറക്ടര്‍ ദത്തപ്രസാദ് സുര്യകാന്ത് സിര്‍ഷത്, ഉത്തര-മധ്യ മേഖലാ ഡയറക്ടര്‍ അശോക് സിന്‍ഹ എന്നിവര്‍ക്കാണ് സ്ഥലം മാറ്റം. ഇതില്‍ അതുര്‍വ സിന്‍ഹയെ കേരളത്തിലെ അക്കൗണ്ടന്റ് ജനറലായാണ് നിയോഗിച്ചിരിക്കുന്നത്. മറ്റൊരു ഉദ്യോഗസ്ഥനെ രാജ്യഭാഷാ വകുപ്പിലും മൂന്നാമത്തെയാളെ ലീഗല്‍ സെല്ലിലേക്കുമാണ് നിയമിച്ചിരിക്കുന്നത്. 

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച 12 സിഎജി റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ദേശീയ പാതാ നിര്‍മ്മാണം (ഭാരത് മാല പദ്ധതി) ആരോഗ്യ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ പദ്ധതി എന്നിവയില്‍ ഗുരുതര അഴിമതിയും ക്രമക്കേടും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിച്ചത്. ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് നടത്തുന്ന പദ്ധതികളില്‍ അഴിമതിയും ക്രമക്കേടും നടന്ന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. 

തുടര്‍ന്നാണ് മുഖം നഷ്ടമായ മോഡി സര്‍ക്കാര്‍ സത്യം വിളിച്ച് പറഞ്ഞ ഉദ്യോഗസ്ഥരെ ബലിയാടക്കാന്‍ തീരുമാനിച്ചത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജി സി മുര്‍മ്മു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. സ്ഥലംമാറ്റം സംബന്ധിച്ച് സിഎജി ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും അഴിമതി പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മോഡി ഭരണത്തിന്റെ വികൃത മുഖമാണ് കാട്ടുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Eng­lish Summary:CAG offi­cials who found cor­rup­tion in cen­tral gov­ern­ment were transferred

You may also like this video

Exit mobile version