Site iconSite icon Janayugom Online

പിഎംകെവിവൈ പദ്ധതിയില്‍ വ്യാപക അഴിമതിയെന്ന് സിഎജി

അക്കൗണ്ട് നമ്പര്‍ 11111111111111111111, അടച്ച് പൂട്ടിയ പരിശീലന കേന്ദ്രങ്ങള്‍, നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് ഒരേ ഫോട്ടോ, 34 ലക്ഷം പേര്‍ക്ക് സ്റ്റൈപ്പന്റ് കുടിശിക, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പദ്ധതിയില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) കണ്ടെത്തിയ ക്രമക്കേടിന്റെ ചിത്രമാടണിത്.
രാജ്യത്തെ യുവജനങ്ങളുടെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കുന്നതിനും വ്യവസായത്തിന്റെ ആവശ്യകതയനുസരിച്ച് തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയിലാണ് ക്രമക്കേടും അഴിമതിയും കൊടികുത്തി വാഴുന്നത് സിഎജി കണ്ടെത്തിയത്. ഒരേ അക്കൗണ്ട് നമ്പറുള്ള ഒന്നിലധികം ആളുകൾ. ഒന്നിലധികം അക്കൗണ്ട് നമ്പറുകളുള്ള ഒരേ വ്യക്തികൾ. പൊതു അക്കൗണ്ടുകൾ. ഒരേ ഫോട്ടോ തുടങ്ങി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
34 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പദ്ധതി പ്രകാരമുള്ള തുക നല്‍കിയിട്ടില്ലെന്നും അടച്ചുപൂട്ടിയ പരിശീലന കേന്ദ്രങ്ങൾ പോലും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.2015 മുതല്‍ 2022 വരെയുള്ള പിഎംകെവിവൈ പദ്ധതി റിപ്പോര്‍ട്ടാണ് സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി 2015 ജൂലൈയിലാണ് പദ്ധതി ആരംഭിച്ചതെന്ന് സിഎജി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2015 നും 2022 നും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായി 1.32 കോടി ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനവും സർട്ടിഫിക്കേഷനും നൽകുക എന്ന ലക്ഷ്യത്തോടെ 14,450 കോടി രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. പദ്ധതിക്കായി ആവിഷ്കരിച്ച സ്കില്‍ ഇന്ത്യ പോര്‍ട്ടലില്‍ (എസ്ഐപി) സമര്‍പ്പിച്ച ബാങ്ക് അക്കൗണ്ട നമ്പറുകളിലാണ് ഏറ്റവുമധികം ക്രമക്കേട് നടന്നത്. പിഎംകെവിവെ 2.0, 3.0 എന്നിവയുമായി ബന്ധപ്പെട്ട രേഖയില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പൂജ്യം , നില്‍— നോട്ട് ആപ്ലിക്കബിള്‍ എന്നീ ക്രമത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. ആകെയുള്ള 95,90,891 ഗുണഭോക്താക്കളില്‍ 90,66, 264 പേരുടെയും അക്കൗണ്ട് വിവരം ശുന്യമായിരുന്നു. 2023 മേയ് മാസത്തിൽ മന്ത്രാലയം നൽകിയ വിശദീകരണവും സിഎജി റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നു തുടക്കത്തിൽ അക്കൗണ്ട് വിശദാംശങ്ങൾ എസ്‌ഐ‌പിയിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ അടിസ്ഥാന തലത്തിലുള്ള നടപ്പാക്കലിലെ പ്രശ്നങ്ങൾ കാരണം പിന്നീട് അത് നിർബന്ധമല്ലാതായി തീര്‍ന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. വിശദാംശങ്ങളിലെ പിശകുകൾ കാരണം 34 ലക്ഷത്തിലധികം പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാർത്ഥികളുടെ സ്റ്റൈപ്പന്‍ഡ് തടഞ്ഞുവച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി, സിഎജി ഓൺലൈൻ ഗുണഭോക്തൃ സർവേ നടത്തി, 36.51 % പ്രതികരണമാണ് ഇ മെയില്‍ വഴി ലഭിച്ചത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുന്നത്. ലക്ഷ്യമിടുന്ന ഗുണഭോക്താക്കളെ (തൊഴിലില്ലാത്ത യുവാക്കൾ, സ്കൂൾ/കോളേജ് പഠനം ഉപേക്ഷിച്ചവർ) തിരിച്ചറിയുന്നതിനും ഉൾപ്പെടുത്തുന്നതിനും, പരിശോധിക്കുന്നതിനും പിഎംകെവിവൈയിൽ ഒരു ഘടനാപരമായ സംവിധാനം ഉണ്ടായിരുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

Exit mobile version