Site iconSite icon Janayugom Online

‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന് പെരുമാറ്റി; ഗൂഗിളിന് എതിരെ നിയമനടപടിയുമായി മെക്‌സിക്കോ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്ന് , അമേരിക്കയിലെ ഉപയോക്താക്കള്‍ക്കായി മെക്‌സിക്കോ ഉള്‍ക്കടലിനെ ’ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തില്‍ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കോ മുന്നറിയിപ്പ് നല്‍കി . പേര് മാറ്റത്തിനെതിരെ തന്റെ സര്‍ക്കാര്‍ ഇതിനകം ഗൂഗിളിനോട് എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും തൃപ്തികരമായ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു. ‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഗൂഗിളുമായി തര്‍ക്കമുണ്ട് ആവശ്യമെങ്കില്‍, ഞങ്ങള്‍ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യും,’ ഷെയിന്‍ബോം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി 20 ന് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ട്രംപ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ട്രംപിന്റെ ഉത്തരവ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കോണ്ടിനെന്റല്‍ ഷെല്‍ഫിന് മാത്രമേ ബാധകമാകൂ എന്നും മെക്‌സിക്കന്‍ പ്രദേശത്തെ ബാധിക്കരുതെന്നും ഷെയിന്‍ബോം കൂട്ടിച്ചേര്‍ത്തു. മെക്‌സിക്കോ ഗൂഗിളിന് ഔദ്യോഗിക കത്ത് അയച്ചെങ്കിലും, മാറ്റം വരുത്താന്‍ ഗൂഗിള്‍ തയ്യാറായില്ല. ഔദ്യോഗിക സര്‍ക്കാര്‍ സ്രോതസ്സുകളില്‍ പേരുമാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ അവ പ്രയോഗിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Exit mobile version