കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്റർ മിയാമി മുഖ്യ പരിശീലകന്‍ ടാറ്റ മാർട്ടിനോ മെസി പരിശീലനത്തിനായി ടീമിനൊപ്പം ചേരുമെന്നറിയിച്ചിരിക്കുകയാണ്. ഇതോടെ ഒക്ടോബറില്‍ എംഎല്‍എസ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് മെസി തിരിച്ചെത്തുമെന്നുറപ്പായി. ‘അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തുന്നില്ല. ഫിസിക്കല്‍ ട്രെയിനര്‍മാര്‍ക്കൊപ്പമാണ് മെസി ഇപ്പോള്‍ പരിശീലിക്കുന്നത്. അവന്‍ നന്നായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഇതുവരെയും പരിശീലനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മെസി അര്‍ജന്റീനയ്ക്കായി വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല’.-മാര്‍ട്ടീനൊ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോപ്പ അമേരിക്ക ഫൈനലിനിടെ കൊളംബിയയ്ക്കെതിരായ മത്സരത്തിലാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല. ഇന്റർ മിയാമിയുടെ 2024 ലെ ലീഗ് കപ്പ് ക്യാമ്പെയ്ൻ ഉള്‍പ്പെടെ സീസണിന്റെ ഭൂർഭാഗവും മെസിക്ക് നഷ്ടമായി. എംഎല്‍എസില്‍ 25 കളികളില്‍ നിന്ന് 53 പോയിന്റുമായി ഇന്റര്‍ മിയാമി ഈസ്റ്റേണ്‍ കോണ്‍ഫറൻസില്‍ ഒന്നാമതാണ്.