മൂന്ന് മാസത്തോളമായി തുടരുന്ന ഇസ്രയേലിന്റെ ഗാസ ആക്രമണം അവസാനിപ്പിക്കാന്‍ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ മാനത്ത് യുദ്ധത്തിന്റെ കരിമേഘങ്ങള്‍ വ്യാപിക്കുന്നു. ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ സയ്യിദ് റാസി മൂസവിയെ ഇസ്രയേല്‍ വധിച്ചത് അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിരിക്കുന്നു. ഏഴ് വ്യത്യസ്ത മേഖലകളിൽനിന്നുള്ള ബഹുമുഖ യുദ്ധത്തെയാണ് ഇസ്രയേൽ നേരിടുന്നതെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു സയ്യിദിന്റെ കൊല. ഗാസ, ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നാണ് ആക്രമണമെന്നും ഇതില്‍ ആറ് കൂട്ടർക്കെതിരെയും പ്രത്യാക്രമണം നടത്തിയെന്നും ഗാലന്റ് പറഞ്ഞിരുന്നു. ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെയാണ് മൂസവിയുടെ മരണവിവരം പുറത്തുവിട്ടത്. ഇതിനുപിന്നാലെ യുഎസ് സൈന്യത്തിന് നേരെ പലയിടത്തും ആക്രമണമുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഷിയാ സംഘങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയതോടെ ഇറാഖിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം അമേരിക്കന്‍ മിസൈലുകള്‍ പതിച്ചു. കാെലയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന് കരുതുന്ന ഇറാനും, ആ രാജ്യത്തെ ശത്രുതയോടെ കാണുന്ന അമേരിക്കയും ലോകത്ത് വീണ്ടും യുദ്ധഭീതി സൃഷ്ടിക്കുകയാണ്. ഇസ്രയേല്‍ ബന്ധത്തിന്റെ പേരില്‍ ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ പിടിച്ചെടുക്കുന്നതും ആക്രമിക്കുന്നതും യുദ്ധം വ്യാപിക്കാന്‍ കാരണമായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്.
ഇതുകൂടി വായിക്കൂ; ഇന്നും മരിച്ചുകൊണ്ടിരിക്കുന്ന യേശുക്കുഞ്ഞുങ്ങൾ…
ഇന്ത്യൻ തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം ഇറാന്റെ നേതൃത്വത്തിലാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതു നിഷേധിച്ച ഇറാന്‍ വിദേശകാര്യ സഹമന്ത്രി അലി ബഘേരി, ഹൂതികളുടെ പ്രവർത്തനങ്ങളുമായി ഇറാൻ സർക്കാരിനെ ബന്ധിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾക്ക് അമേരിക്ക നൽകുന്ന പിന്തുണ മൂടിവയ്ക്കാനും പൊതുജനശ്രദ്ധ തിരിക്കാനുമാണ് ഇത്തരം ആരോപണങ്ങളെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയത്. ലോകത്ത് ആപൽക്കരമായ സ്വാധീനമാണ് ഇറാൻ ചെലുത്തുന്നതെന്ന് ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും പ്രസ്താവിച്ചിരുന്നു. ‘ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്‍ ഉടമസ്ഥതയിലുള്ള നെതലന്‍ഡ് ഓപ്പറേറ്റ് ചെയ്യുന്ന ‘ചെം പ്ലൂട്ടോ’ എന്ന കെമിക്കല്‍ ടാങ്കറാണ് ഇന്ത്യൻ തീരത്ത് 200 നോട്ടിക്കൽ മൈൽ ദൂരെ ആക്രമിക്കപ്പെട്ടത്. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിരുന്നതാണ്. ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം വലിയ രീതിയിലുള്ള അസ്വസ്ഥത മെഡിറ്ററേനിയനിലും അതിനപ്പുറത്തും സൃഷ്ടിക്കുന്നുണ്ട്. കടലിലെ ആക്രമണം ചെറുക്കാന്‍ യുഎസ് നേതൃത്വത്തില്‍ രൂപീകരിച്ച ചെങ്കടല്‍ പ്രതിരോധ ദൗത്യസഖ്യത്തില്‍ ഇതുവരെ 20 രാജ്യങ്ങള്‍ അണിചേര്‍ന്നതും ലോക സമാധാനത്തിന് ഭീഷണിയാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കുമെന്ന ഭീഷണി ഇറാന്റെ ഭാഗത്തുനിന്നുമുണ്ട്.
ഇസ്രയേലിനോടുള്ള അമേരിക്കന്‍ സ്നേഹത്തിന്റെ അടിത്തറ പശ്ചിമേഷ്യയിലെ എണ്ണ വിപണിയാണ്. മുമ്പ് ഇറാഖും സിറിയയും ഇറാനും മറുചേരിയിൽ നിന്നപ്പോൾ ഇസ്രയേൽ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ അമേരിക്ക ഒപ്പം നിർത്തി. വിദേശ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സഹായത്തിന്റെ അഞ്ച് ശതമാനവും ഇസ്രയേലിലേക്കാണ് എന്നത് ശ്രദ്ധേയമാണ്. ലോക ജനസംഖ്യയുടെ 0.1 ശതമാനം മാത്രം വരുന്ന രാജ്യത്തിനാണ് ഇത്രയും വലിയ സഹായം ഒഴുകുന്നത്. നിലവിലെ യുദ്ധത്തിൽ ഇസ്രയേലിന് ഏറ്റവും വലിയ പിന്തുണ നൽകുന്നതും അമേരിക്കയാണ്. ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ തന്നെ ടെൽ അവീവിൽ നേരിട്ടെത്തി പൂർണപിന്തുണ വാഗ്ദാനം ചെയ്തു. യുഎൻ രക്ഷാ കൗൺസിലിൽ ഇസ്രയേലിനെതിരായ ഒരു നീക്കവും വിജയിക്കാത്തതിന് പിന്നിലും അമേരിക്കയുടെ വീറ്റോയാണ്. ലെബനനിലെ ഹിസ്ബുള്ള, സിറിയയിലെ സഖ്യസേന എന്നിവ മെഡിറ്ററേനിയന്‍ പ്രദേശത്ത് ഇറാന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ലോകരാജ്യങ്ങള്‍ക്ക് ഇറാനെയും നിസാരമായി കാണാനാകില്ല. കടലിലെ ആക്രമണങ്ങള്‍ കാരണം ആഗോള വ്യാപാരപാതയില്‍ എണ്ണ, ധാന്യം, മറ്റ് ചരക്കുകള്‍ എന്നിവയുടെ നീക്കം ആശങ്കയിലാണ്. ചെങ്കടലിലൂടെ പോകുന്ന ചരക്കുകള്‍ ഉയര്‍ന്ന നിലയില്‍ ഇന്‍ഷുര്‍ ചെയ്യേണ്ടി വരുന്നത് ചരക്കുനീക്കത്തിന് ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. എന്തിന്റെ പേരിലായാലും കുത്തക രാഷ്ട്രങ്ങളുടെ വ്യാപാര താല്പര്യങ്ങളുണ്ടാക്കുന്ന സംഘര്‍ഷം ലോകജനതയുടെയാകെ സമാധാന ജീവിതത്തിനാണ് ഭംഗം വരുത്തുക. അതിനിടയാക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് വിധേയരാകാതിരിക്കുകയാണ് ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളുടെ കടമ.