Site iconSite icon Janayugom Online

പനിച്ചുവിറച്ചെത്തി എ ഗ്രേഡ് നേടി മടങ്ങി

പനിച്ച് വിറച്ചാണ് ദേവഭദ്ര തുള്ളൽത്തട്ടിലേക്ക് ഓടിക്കയറിയത്. മകൾ മത്സരിക്കാൻ സ്റ്റേജിൽ കയറുമ്പോൾ അച്ഛനും അമ്മയ്ക്കും ഉള്ളിൽ തീയായിരുന്നു. ജില്ലാ കലോത്സവത്തിൽ ഉൾപ്പെടെ അതിഗംഭീരമായി ആടിത്തകർത്ത മകൾക്ക് സംസ്ഥാന വേദിയിൽ അതേ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു അവർക്ക്. എന്നാൽ കടുത്ത പനിക്കും ദേവഭദ്രയെന്ന കലാകാരിയെ തളർത്താൻ കഴിഞ്ഞില്ല. ഭാവവും ചുവടുമെല്ലാം അവളിൽ ഭദ്രമായിരുന്നു. 

പതിവു പോലെ അവൾ വേദിയിൽ നിറഞ്ഞാടി. കലോത്സവത്തിന് വേണ്ടി മാത്രം ഓട്ടൻ തുള്ളൽ അഭ്യസിക്കുന്നവരിൽ നിന്നും വ്യത്യസ്തയായി തുള്ളൽകലയെ ഉപാസിക്കുന്ന കലാകാരിയാണ് ദേവഭദ്ര സുജീന്ദ്രൻ. അവളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പനിക്ക് തോൽക്കാതെ തരമില്ലായിരുന്നു. 

ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളലിൽ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവച്ച ദേവഭദ്ര കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. ഏഴാം ക്ലാസ് മുതൽ ഓട്ടൻ തുള്ളൽ പരിശീലിച്ച് വരുന്ന ദേവഭദ്ര കഥകളിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലം നന്ദകുമാറിന് കീഴിലാണ് ഓട്ടൻ തുള്ളൽ പരിശീലനം നേടി വരുന്നത്. മലാപറമ്പ് സ്വദേശിയും എൻജിനീയറുമായ സുജീന്ദ്രന്റെയും ദീപിനിയുടെയും മകളാണ്. 

Eng­lish Sum­ma­ry; Came with a fever and went back with A grade, ker­ala state school kalol­savam 2023
You may also like this video

Exit mobile version