ഹനുമാന്‍ ചാലീസ വിവാദത്തിനിടിയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാനായി 15 ദിവസത്തിനകം അധികാരികളില്‍ നിന്നും രേഖാമൂലമുള്ള അനുമതി തേടണമെന്ന് സര്‍ക്കുലര്‍ ഇറക്കി കര്‍ണാടക സര്‍ക്കാര്‍.പള്ളികളിലെ ബാങ്കു വിളിക്കെതിരെ ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസ ഉച്ചത്തില്‍ വെക്കാനായി സംസ്ഥാനമൊട്ടാകെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.
ഇതോടെ തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.പൊലീസ് കമ്മീഷണറേറ്റ് പരിധിയിയിലുളള അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍, മുനിസിപ്പല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെഎസ്പിസിബി) പ്രതിനിധി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി ഉച്ചഭാഷിണികളോ പബ്ലിക് അഡ്രസ് സിസ്റ്റമോ ഉപയോഗിക്കാന്‍ അനുമതി തേടുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കും. മറ്റ് മേഖലകളില്‍ അധികാരപരിധിയിലുള്ള തഹസില്‍ദാര്‍, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഒരു കെഎസ്പിസിബി പ്രതിനിധി എന്നിവര്‍ ഉണ്ടായിരിക്കും.
പൊതുവായുള്ള പരിപാടികള്‍ ഒഴിച്ച് രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള ലൗഡ് സ്പീക്കറിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.നിയമലംഘനം നടത്തുന്നവര്‍ക്ക് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 15, 19, 24 വകുപ്പുകള്‍ പ്രകാരം പരമാവധി അഞ്ച് വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും.
ബെംഗളൂരു ഡി.ജി.പി, മൈസൂരു, കലബുറഗി, ബെലഗാവി, ഹുബ്ബള്ളി-ധാര്‍വാഡ് എന്നിവിടങ്ങളിലെ പൊലീസ് കമ്മീഷണര്‍മാര്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം.അനുമതി നേടാത്തവര്‍ സ്വമേധയാ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ തന്നെ അത് നീക്കം ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു
English Summary:Campaign to make Hanuman Chalisa louder; Karnataka govt seeks permission to use loudspeaker
You may also like this video: