Site iconSite icon Janayugom Online

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം; റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് റിപ്പര്‍ ജയാനന്ദന്‍ ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ പതിനേഴിനാണ് മകളുടെ വിവാഹത്തിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ജയാനന്ദന്റെ പരോളിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ടി, അഭിഭാഷകയായ ജയാനന്ദന്റെ മകളാണ് കോടതിയില്‍ ഹാജരായത്. 

അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍ തന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അച്ഛന് ഒരു ദിവസത്തെ പരോള്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കീര്‍ത്തി ജയാനന്ദന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. ജയാനന്ദന് വിവാഹത്തിന് തലേദിവസം പൊലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ജയാനന്ദന് വീട്ടില്‍ തുടരാമെന്നും കോടതി അറിയിച്ചു. തിരികെ ഇയാള്‍ ജയിലിലേക്ക് മടങ്ങുമെന്ന് മകളും ഭാര്യയും തൃശൂര്‍ ജില്ലാ കോടതിയില്‍ സത്യവാങ്മൂലം നല്‍കണണമെന്നും കോടതി അറിയിച്ചു.

Eng­lish Summary;Can attend daugh­ter’s wed­ding; High Court grant­ed parole to Rip­per Jayanand
You may also like this video

Exit mobile version