Site iconSite icon Janayugom Online

കുടിക്കുന്നതെല്ലാം പാലല്ല; തൊടുപുഴ സിവിൽ സ്റ്റേഷനിൽ പാലിന്റെ ഗുണമേന്മ പരിശോധിക്കാം

milkmilk

ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ ബോധ്യമാകുന്നതിനും അവസരം. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ ക്വാളിറ്റി സെന്റർ പ്രവർത്തനം ഇന്ന് മുതൽ 14 വരെ ഉണ്ടാകും.
പാലിന്റെയും, പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനുമായി ക്ഷീര വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കാം. ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് തൊടുപുഴ തഹസിൽദാർ ബിജിമോൾ എ എസ് നിർവ്വഹിക്കും. 

ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർദ്ധിക്കുന്നതിനാൽ മാർക്കറ്റിൽ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടെ ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്നു മുതൽ 13 വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും, 14ന് തീയതി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെയും ഓണക്കാല പ്രത്യേക പാൽ പരിശോധന ലാബ് പ്രവർത്തിക്കും. ഗുണമേന്മ കുറഞ്ഞ പാൽ സാമ്പിൾ സംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി അധികാരികളെ അറിയിക്കുന്നതാണ്.
പാൽ ഉപഭോക്താക്കൾക്കും, ഉല്പാദകർക്കും, ക്ഷീരസഹകരണ സംഘക്കാർക്കും, പാൽ വിതരണം ചെയ്യുന്നവർക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും. സൗജന്യ പരിശോധനക്കായി കുറഞ്ഞത് 200 മി. ലി. പാൽ കൊണ്ടു വരേണ്ടതാണ്. 

Exit mobile version