Site iconSite icon Janayugom Online

റബ്ബറിനെ ആക്രമിക്കുന്ന ശല്‍ക്കപ്രാണികളെയും പൊടിമൂട്ടകളെയും നിയന്ത്രിക്കാം..

ഇളം തവിട്ടു നിറത്തിലോ കറുത്ത നിറത്തിലോ ഉള്ളതും ദീര്‍ഘവൃത്താകൃതിയില്‍ മുകള്‍ഭാഗം ഉരുണ്ടതുമായ ചെറു ജീവികളാണ് സൈസിഷ്യനൈഗ്രാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശല്‍ക്കപ്രാണികള്‍. ഇവയുടെ മുട്ടകള്‍ക്ക് നീല കലര്‍ന്ന ചുവപ്പ നിറമായിരിക്കും. പൂര്‍ണ വളര്‍ച്ച എത്തിയ ആണ്‍ ശല്‍ക്കപ്രാണി ചിറകുകളോട് കൂടിയതും പെണ്‍ശല്‍ക്കപ്രാണിയേക്കാള്‍ താരമത്യേന വളരെ ചെറുതുമായിരിക്കും.

ഫെറിസിയാന വിര്‍ഗേറ്റാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പൊടിമൂട്ട (മിലിബഗ്) ആണ് ഇന്ത്യയില്‍ സാധാരണയായി റബ്ബറിനെ ആക്രമിക്കാറുള്ളത്. വെളുത്ത് മെഴുകുപോലെയുള്ള ഒരു പദാര്‍ത്ഥം കൊണ്ട് പൊതിഞ്ഞിട്ടുള്ള മൃദുല ശരീരത്തോട് കൂടിയ ചെറുപ്രാണികളാണിവ. മുകള്‍വശം ഉരുണ്ടിട്ടുള്ള ഇവയുടെ ശരീരത്തിന് ഏകദേശം ദീര്‍ഘവൃത്താകൃതി ആയിരിക്കും. പിന്‍ഭാഗത്തായി വളരെ മൃദുവായതും വാലുപോലെ ഉള്ളതുമായ രണ്ട് അവയവങ്ങള്‍ കാണാം. ഈ അവയവങ്ങള്‍ക്ക് പ്രാണിയുടെ ശരീരത്തിന്റെ ഏകദേശം പകുതിയോളം നീളമുണ്ടായിരിക്കും.

ശല്‍ക്കപ്രാണികളും പൊടിമൂട്ടകളും തേന്‍തുള്ളികള്‍ വിസര്‍ജിക്കുന്നു. പലപ്പോഴും ഈ തേന്‍ തുള്ളികള്‍ കുടിക്കാനായി ഉറുമ്പുകള്‍ എത്തുന്നത് കാണാം. ഇലകളില്‍ തേന്‍ തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗങ്ങളില്‍ സൂട്ടിമോള്‍ഡ് എന്ന ഒരുതരം കുറഞ്ഞ കുമിള്‍ വളരാറുണ്ട്. സാധാരണയായി നഴ്സറിയിലെ തൈകളെയാണ് ശല്‍ക്കപ്രാണികളും പൊടിമൂട്ടകളും ആക്രമിക്കാറുള്ളത്. ഇവ ഇലകളിലും ഇലത്തണ്ടുകളിലും ഇളം നാമ്പുകളിലും പറ്റിപ്പിടിച്ചിരുന്ന് നീരുവലിച്ചു കുടിക്കുന്നു. ഇവയുടെ കഠിനമായ ആക്രമണം ഉണ്ടായാല്‍ ഇലകള്‍ പഴുത്തുണങ്ങി പൊഴിഞ്ഞുപോവുകയും നാമ്പുകള്‍ ഉണങ്ങുകയും ചെയ്യാറുണ്ട്. കഠിനമായ ആക്രമണം ഉണ്ടായാല്‍ മാലത്തിയോണ്‍ എന്ന കീടനാശിനി 0.1 ശതമാനം (രണ്ട് മില്ലീമീറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍) വീര്യത്തില്‍ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471–2572060

Eng­lish Summary:Can con­trol insects and dust mites that attack rubber..
You may also like this video

Exit mobile version