ഗള്‍ഫ് പ്രവാസത്തിന്റെ കവാടങ്ങള്‍ അടഞ്ഞു തുടങ്ങിയതോടെ ജപ്പാന്‍ പുതിയ പ്രവാസഭൂമിയാകുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും മലയാളികള്‍ കുടിയേറ്റം ആരംഭിച്ചു.
ജപ്പാനിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ 3,23,150 പേരെയാണ് നിയമിക്കുക. ഇവരെല്ലാം വിദേശികളായിരിക്കും. ഇവരിലേറെയും വിദഗ്ധ തൊഴിലാളികളായിരിക്കും. പതിനായിരങ്ങള്‍ക്കു തൊഴില്‍ നല്കുന്നതു സംബന്ധിച്ച കരാറില്‍ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. നഴ്സിങ്, ക്ലീനിങ്, മെഷിനറി-ടൂള്‍സ് വ്യവസായം, ഇലക്ട്രിക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ, നിര്‍മ്മാണ മേഖല, ഷിപ്പിങ് വ്യവസായം, വാഹന റിപ്പയറിങ്, ഫിഷറീസ്, ഭക്ഷ്യ പാനീയ നിര്‍മ്മാണം, ഹോട്ടല്‍ തുടങ്ങി 14 മേഖലകളിലേക്കാണ് ജപ്പാനിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത്. മേല്‍പറഞ്ഞ തൊഴില്‍മേഖലകളില്‍ പ്രാവീണ്യമുള്ളവരാണ് എന്നതിനാല്‍ കേരളീയര്‍ക്ക് പുതിയൊരു പ്രവാസകവാടമായിരിക്കും ജപ്പാനെന്നതും പ്രത്യാശയേകുന്നു.
നഴ്സിങ് 60,000, ഭക്ഷ്യസേവനം 53,000, കാര്‍ഷികരംഗം 36,500, ഭക്ഷണ നിര്‍മ്മാണം 3,400 എന്നിങ്ങനെയാണ് നിയമിക്കുക. കൂടുതല്‍ പേര്‍ക്കു തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്കര്‍ഷിക്കുന്നില്ലെന്നതും ആകര്‍ഷണമാണ്. ഓരോ മേഖലയ്ക്കും നിഷ്കര്‍ഷിച്ച നെെപുണ്യ പരിശോധനയും ജപ്പാന്‍ ഭാഷാ പഠന പരീക്ഷയും പാസായാല്‍ മതി. ജപ്പാന്‍ ഭാഷ പഠിക്കാന്‍ ഇതിനകം ഇന്ത്യയില്‍ 44 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ നാലു ജപ്പാന്‍ ഭാഷാ പഠനങ്ങള്‍ തുടങ്ങാമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പുനല്കിയിട്ടുണ്ട്. അതിലൊന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നിന്നും യാതൊരു ഫീസും ഈടാക്കുന്നതല്ല. ആരെങ്കിലും ഇതിന്റെ പേരില്‍ ഫീസ് ഈടാക്കുന്നതു കുറ്റകരമായിരിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
അതേസമയം എവിടെയും ജോലിക്കുവേണ്ടി കയറിപ്പറ്റുന്ന മലയാളിക്ക് അപ്രാപ്യമായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും കേരളീയരുടെ പുതിയ കുടിയേറ്റ ഭൂമിയായി മാറിക്കഴിഞ്ഞു. കൂടുതല്‍ മഴ ലഭിക്കുന്ന ഉഗാണ്ടയിലും ബോട്സ്വാനയിലും കാര്‍ഷിക മേഖലയിലേക്ക് വന്‍ കുടിയേറ്റ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പതിനായിരം വിദേശി കുടുംബങ്ങളാണ് ഉഗാണ്ടയില്‍ ചേക്കേറിയിരിക്കുന്നത്. മലയാളിയും ഇവിടേക്ക് പ്രവാസപ്രവാഹം തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തുനിന്നു മാത്രം എഴുന്നൂറോളം പേരാണ് ഇവിടെയെത്തിയത്.
ബോട്സ്വാനയിലെ ഒക്കാവോംഗോ നദീതീരത്തു കാര്‍ഷികവൃത്തിയുമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ എത്തിയിട്ടുണ്ട്. കാപ്പിയാണ് ഇവിടെ മുഖ്യകൃഷി. ഒരു വാതില്‍ അടയുമ്പോള്‍ അനേകം പുതിയ വാതിലുകള്‍ തുറക്കുന്നതുപോലെ ജപ്പാനും ആഫ്രിക്കയും മലയാളി പ്രവാസിയുടെ പുതിയ ശാദ്വലഭൂമികളാകുന്നുവെന്നതിന് ഇതെല്ലാം തെളിവാകുന്നു.
English Summary:Can work in Japan: more than 3 lakh vacancies, 44 centers for learning the language without fees; 4 in Kerala
You may like this video also