കനേഡിയന്‍ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കാനഡ ആതിഥേയത്വം വഹിച്ച ആഗോള ഉച്ചകോടിയില്‍ ഇന്ത്യയുടെയും കാനഡയുടെയും പ്രധാനമന്ത്രിമാര്‍ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇടപെടലുകളുണ്ടായതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡ ആസ്ഥാനമായുള്ള പ്രോക്സി ഏജന്റുമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ പൊതുജനങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഏജന്‍സി ആരോപിച്ചു. ഖലിസ്ഥാന്‍ പ്രസ്ഥാനം കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. അതേസമയം, സംഭവത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച ആല്‍ബര്‍ട്ടയില്‍ നടന്ന ജി ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗഹൃദം പങ്കുവയ്ക്കുകയും ചര്‍ച്ചകള്‍ നടത്തുകയും കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച ഉന്നത നയതന്ത്രജ്ഞരെ പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചതായും സൂചനയുണ്ട്. മോഡിയെ ജി ഏഴിലേക്ക് ക്ഷണിച്ചതിനെതിരെ കാനഡയിലെ സിഖ് സംഘടനകള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2023 ജൂണ്‍ 18 ന് കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, സിഖ് വിഘടനവാദികള്‍ക്ക് കാനഡ സുരക്ഷിത താവളമൊരുക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

