Site iconSite icon Janayugom Online

ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി കാനഡ; ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കി

വ്യാപാര ചർച്ചകൾ നിർത്തിവെക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, കാനഡ വിവാദമായ ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ട്രംപുമായി വ്യാപാര ചർച്ചകൾ പഴയതുപോലെ പുനരാരംഭിക്കുമെന്നും കാർണി വ്യക്തമാക്കി. ടെക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്താനുള്ള കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാര ചർച്ചകൾ നിർത്തുവെക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ഈ നികുതിയിലൂടെ അമേരിക്കൻ കമ്പനികൾക്ക് 3 ബില്യൺ ഡോളറിന്റെ അധിക ചിലവുണ്ടാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ഇതോടെയാണ് കാനഡയുമായി വ്യാപാരം നടത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ ചർച്ചകളും നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചത്.

ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്. ഓൺലൈൻ പരസ്യ കമ്പനികൾ, സോഷ്യൽ മീഡിയ കമ്പനികൾ കൂടാതെ ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമൻമാരെയും ഈ തീരുമാനം ബാധിക്കുമായിരുന്നു. ജൂൺ 30 മുതലായിരുന്നു കമ്പനികൾ ഈ നികുതി നൽകിത്തുടങ്ങേണ്ടിയിരുന്നത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

Exit mobile version