ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. രാജ്യത്തിനെതിരെ വന്‍ ആരോപണമുയര്‍ത്തിയ കാനഡ, നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നു. ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സേവനമാണ് നിര്‍ത്തിയത്. ഇതിന് പുറമെയാണ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് വിശദീകരിച്ച കാനഡ, ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.
കാനഡ വിരുദ്ധ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയില്‍ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാര്‍ ജാഗ്രത പാലിക്കണമെന്നും കനേഡിയൻ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമായും മുംബൈ, ചണ്ഡീഗഢ്, ബംഗളൂരു എന്നീ നഗരങ്ങളിലെ പൗരൻമാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. ഇത് ഇന്ത്യ നിഷേധിച്ചിരുന്നു. കാനഡ ആരോപണം ആവര്‍ത്തിച്ചതോടെയാണ് ഇന്ത്യയിലെ കനേഡിയന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ ആകെ 62 കനേഡിയൻ നയതന്ത്രപ്രതിനിധികളാണുണ്ടായിരുന്നത്. 21 പേര്‍ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ സെപ്റ്റംബർ 18 മുതൽ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരം 41 നയതന്ത്രപ്രതിനിധികളും അവരുടെ കുടുംബങ്ങളും ഇന്നലെ രാജ്യം വിട്ടു. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി.
ഇന്ത്യന്‍ നിര്‍ദേശം അവിശ്വസനീയമായിരുന്നുവെന്നും ഇരുരാജ്യങ്ങളിലയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നയതന്ത്ര ബന്ധത്തിന്റെ തത്വം ലംഘിക്കുന്ന വിധത്തിലാണ് ഇന്ത്യന്‍ സമീപനമെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ക്കുള്ള നയതന്ത്ര പരിരക്ഷ പിൻവലിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും അവര്‍ പറഞ്ഞു.
English Summary: Canada escalates diplomatic row
You may also like this video