ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക വിഭാവനം ചെയ്ത ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ പദ്ധതിയെ കാനഡ എതിർത്തതാണ് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിച്ചത്. കാനഡയ്ക്ക് കൂടി സുരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും ഇതിനെ എതിർത്ത് ചൈനയുമായി അടുക്കുന്നത് കാനഡയെ അപകടത്തിലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കാനഡയെ ചൈന ഒരു വർഷത്തിനുള്ളിൽ ‘വിഴുങ്ങും’ എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. അമേരിക്ക നൽകുന്ന സൗജന്യ സുരക്ഷാ സൗകര്യങ്ങൾക്ക് കാനഡ നന്ദിയുള്ളവരാകണമെന്നും കാനഡ നിലനിൽക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടാണെന്നും ട്രംപ് ആഞ്ഞടിച്ചു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ട്രംപിന്റെ നയങ്ങളെ വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന. അതേസമയം, അമേരിക്കയെക്കാൾ വിശ്വസിക്കാവുന്ന പങ്കാളി ചൈനയാണെന്ന് സൂചിപ്പിച്ച കാനഡ, ചൈനയുമായി പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന 100 ശതമാനം നികുതി കുറയ്ക്കാനും പകരം കാനഡയുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ ഇളവ് വാങ്ങാനുമാണ് കരാർ.

