Site iconSite icon Janayugom Online

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് കാനഡ

ഗാസയിലെ പലസ്തീനികൾക്കെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി കാനഡ നിർത്തിവെച്ചതായി കനേഡിയൻ പത്രം ടൊറന്റോ സ്റ്റാർ.രണ്ട് മാസം മുമ്പ് തന്നെ ഇസ്രഈലിലേക്കുള്ള സൈനിക ചരക്കുകളും ടെക്നോളജിയും കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കിയെന്നാണ് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോർട്ട് ചെയ്തത്.അതേസമയം ഇസ്രയേലിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നു. ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ 28.5 മില്യൺ ഡോളറിന്റെ ആയുധ കയറ്റുമതിക്ക് കാനഡ അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ലോകത്ത് തന്നെ ഏറ്റവും കർക്കശമായ സംവിധാനമുള്ളത് കാനഡയിലാണെന്ന് ജനുവരി 31ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഒക്ടോബർ ഏഴിന് ഗാസയില്‍ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം കാനഡ ആയുധം അവർക്ക് നൽകിയിട്ടില്ലെന്നാണ് ട്രൂഡോ പറയുന്നത്.കമ്പനികളെ ഇസ്രയേലിലേക്കുള്ള ആയുധങ്ങളും ടെക്നോളജിയും കയറ്റുമതി ചെയ്യുന്നതിന് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കനേഡിയൻ മനുഷ്യാവകാശ സംഘടനകൾ സർക്കാരിനെതിരെ കേസ് നൽകിയിരുന്നു.

അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളും കണക്കിലെടുക്കുമ്പോൾ കാനഡയിലെ നിയമങ്ങൾ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി തടയുന്നതാണെന്ന് കേസ് ഫയലിൽ ചൂണ്ടിക്കാണിക്കുന്നു.അതേസമയം കയറ്റുമതി അനുമതിയിൽ തങ്ങളുടെ നയം മാറിയിട്ടില്ലെന്നും ലോകത്തെ ഏറ്റവും ശക്തമായ കയറ്റുമതി നിയന്ത്രണങ്ങൾ കാനഡയിലാണെന്നും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതാണ് കയറ്റുമതി നിയമങ്ങളെന്നും കാനഡയിലെ ആഗോളകാര്യ വകുപ്പ് അറിയിച്ചു.

Eng­lish Summary:
Cana­da freezes arms exports to Israel

You may also like this video:

Exit mobile version