Site iconSite icon Janayugom Online

കാനഡ വില്പനയ്ക്കുള്ളതല്ല; ട്രംപിനെതിരെ ജഗ്മീത് സിങ്

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഭീഷണികള്‍ക്കെതിരെ വിമര്‍ശനവുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിങ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മുന്‍ സഖ്യകക്ഷിയാണ് എന്‍ഡിപി. കാനഡ വില്പനയ്ക്കുള്ളതല്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പോരാടാൻ തയ്യാറാണെന്നും ജഗ്മീത് മുന്നറിയിപ്പ് നല്‍കി. ട്രംപ് അധികാരമേറ്റെടുക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ജഗ്മീതിന്റെ പ്രസ്താവന. 

കനേഡിയക്കാർ അഭിമാനികളാണ്. കാലിഫോര്‍ണിയയിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കനേഡിയൻ അഗ്നിശമന സേനാംഗങ്ങള്‍ എത്തി. അയല്‍രാജ്യങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കാനഡയുടേതെന്നും ജഗ്മീത് പറഞ്ഞു. കാനഡയുമായുള്ള പോരാട്ടത്തിന് ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറയിപ്പ് നല്‍കി. ഡൊണാൾഡ് ട്രംപ് ഞങ്ങളുടെ മേൽ താരിഫ് ചുമത്തിയാൽ, അതേ രീതിയിൽ തിരിച്ചടിച്ചിക്കുമെന്നും ജഗ്മീത് പറഞ്ഞു. പ്രധാനമന്ത്രിയായി മത്സരിക്കുന്ന ആരെങ്കിലും അത് ചെയ്യുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ നിര്‍ദേശത്തോടാണ് ജഗ്മീതിന്റെ പ്രതികരണം. കാനഡയിലെ ജനങ്ങൾക്ക് അമേരിക്കയിലെ 51-ാമത്തെ സംസ്ഥാനമാകുന്നതിൽ താൽപര്യമുണ്ട് എന്നാണ് ട്രംപിന്റെ വാദം. കാനഡ അതിർത്തി വഴിയുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാൻ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. 

Exit mobile version