മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി കാനഡ. അതിനായിയുള്ള നടപടികള്‍ കനേഡിയൻ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് നടപടി. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ റാണ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്. റാണയുടെ പൗരത്വം റദ്ദാക്കുന്നത് ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനല്ല. മറിച്ച് പൗരത്വത്തിനായുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണെന്നാണ് രാജ്യത്തിന്റെ വിശദീകരണം.
2000ല്‍ പൗരത്വത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍, ഒട്ടാവയിലും ടൊറന്റോയിലുമായി നാല് വര്‍ഷം താമസിച്ചതായും ഈ കാലയളവില്‍ വെറും ആറ് ദിവസം മാത്രമാണ് കാനഡയ്ക്ക് പുറത്തുപോയതെന്നും റാണ അവകാശപ്പെട്ടിരുന്നു.എന്നാല്‍ കനേഡിയന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലുവര്‍ഷത്തിനിടെ ഭൂരിഭാഗവും റാണ ചിക്കാഗോയിലായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ചിക്കാഗോയില്‍ റാണയ്ക്ക് ബിസിനസുകളും വസ്തുവകകളും ഉണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കാനഡയിലെ താമസരേഖകളില്‍ റാണ ബോധപൂര്‍വം കൃത്രിമം കാണിച്ചതായും ഇത് രാജ്യത്തെ നിയമങ്ങളോടുള്ള അനാദരവാണെന്നും ഇമിഗ്രേഷന്‍ വിഭാഗം പറഞ്ഞു.

