Site icon Janayugom Online

കാനഡ: വിസ നടപടികള്‍ വൈകും

canada

കാനഡയുടെ 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയില്‍ നിന്നും പിൻവലിച്ച സംഭവം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയുന്നത് ഇന്ത്യക്കാരുടെ വിസ നടപടികൾ വൈകിക്കുമെന്ന് കാനേഡിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

ഡിസംബർ അവസാനത്തോടെ 17,500 അപേക്ഷകള്‍ തീര്‍പ്പാക്കാതെ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 2024 ഓടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മുംബൈ, ബംഗളൂരു, ചണ്ഢീഗഢ് എന്നീ മൂന്ന് കോൺസുലേറ്റുകളുടെ പ്രവർത്തനം പൂർണമായി നിര്‍ത്താനാണ് കാനഡ തീരുമാനിച്ചിരിക്കുന്നത്. കോണ്‍സുലാര്‍ സഹായം ആവശ്യമുള്ളവര്‍ ഡല്‍ഹിയിലെ എംബസി സന്ദര്‍ശിക്കാനോ ഫോണിലോ ഇമെയില്‍ മുഖേന ബന്ധപ്പെടാനോ ആണ് നിര്‍ദേശമുള്ളത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്താകെ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതായും കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. വിസയ്ക്കും ഇമിഗ്രേഷനുമുള്ള നടപടിക്രമങ്ങള്‍ ഏറെ നാള്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക കുടിയേറ്റം ലക്ഷ്യമിടുന്ന വിദ്യാർത്ഥികള്‍ക്കിടയില്‍ അടക്കം വീണ്ടും ശക്തമായി. ഇമിഗ്രേഷൻ, വിസ പ്രോഗ്രാമുകൾ എന്നിവ വലിയ തോതില്‍ വെട്ടിക്കുറച്ചേക്കാമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ വർഷം കാനഡയിലെത്തിയ സ്ഥിരതാമസക്കാർ, താൽക്കാലിക വിദേശ തൊഴിലാളികൾ, അന്തർദേശീയ വിദ്യാർത്ഥികൾ എന്നിവരില്‍ ഇന്ത്യക്കാർക്ക് വലിയ വിഹിതമാണുള്ളത്. ഇന്ത്യൻ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും വിസ നടപടി ക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നത് വിദ്യാർത്ഥികള്‍ക്ക് അടക്കം വലിയ തിരിച്ചടിയായി മാറിയേക്കും. 

Eng­lish Sum­ma­ry: Cana­da: Visa pro­cess­ing will be delayed

You may also like this video

Exit mobile version