സര്‍ക്കാരിന്റെ നയംമാറ്റത്തെ തുടര്‍ന്ന് ഭാവി അനിശ്ചിതത്വത്തിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പ്രതിഷേധം ശക്തമാക്കി. പഠനത്തിന് ശേഷം 18 മാസം ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ്സ് (പിജിഡബ്ല്യുപി) നിര്‍ത്തലാക്കിയത് ഉള്‍പ്പെടെയുള്ള നയംമാറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
പുറത്താക്കല്‍ അവസാനിപ്പിക്കുക, വര്‍ഗീയ വിദ്വേഷം അവസാനിപ്പിക്കുക, രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥികളില്‍ ചിലരുടെ തൊഴില്‍ വിസാ കാലാവധി അവസാനിച്ചിരിക്കുകയാണ്. മറ്റു ചിലരുടേത് ഈ വര്‍ഷം അവസാനത്തോടെയും കാലാവധി പൂര്‍ത്തിയാകും. ഇവ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിവിധ മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും, താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും വർക്ക് പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറയ്ക്കും, പെർമനന്റ് റസിഡൻസി അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും, അന്താരാഷ്ട്ര വിദ്യാർത്ഥികളെ രാജ്യത്തേക്ക് എത്തിക്കുന്നത് കുറയ്ക്കും എന്നിവ അടക്കമുള്ള മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാനഡയിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർത്ഥികളെയെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022‑ൽ 2,20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്കെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ കാനഡയിൽ താമസിക്കുന്നുണ്ട്. രാജ്യത്ത് താൽക്കാലികമായി താമസിക്കുന്നവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കനേഡിയൻ സർക്കാരിന്റെ പദ്ധതി. പുതിയ നയം 26 മുതൽ നടപ്പാക്കും. ഇതോടെ ഈ വർഷം അവസാനം പെർമിറ്റ് അവസാനിക്കുമ്പോൾ ആയിരക്കണക്കിന് ബിരുദധാരികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് വിദ്യാർത്ഥി സംഘടനകൾ പറയുന്നു.