Site iconSite icon Janayugom Online

വിദ്യാർത്ഥികളെ നാടുകടത്തുന്നതിനെതിരെ കനേഡിയന്‍ പാര്‍ലമെന്ററി സമിതി

ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തുന്നത് തടയണമെന്ന് കനേഡിയന്‍ പാര്‍ലമെന്ററി സമിതി. മാനുഷിക പരിഗണനയിലോ അല്ലെങ്കില്‍ റെ‍ഗുലേഷന്‍ പ്രോഗ്രാമിലൂടെയോ സ്ഥിര താമസത്തിനുള്ള മാര്‍ഗം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുവദിക്കണമെന്ന് സമിതി അതിർത്തി സേവന ഏജൻസിയോട് ആവശ്യപ്പെട്ടു. കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ, പബ്ലിക് സേഫ്റ്റി മന്ത്രി മാർക്കോ മെൻഡിസിനോ എന്നിവരോടും സ്ഥിതിഗതികൾ സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെടാനും കമ്മിറ്റി തീരുമാനിച്ചു. വിദ്യാർത്ഥികൾ വഞ്ചനയ്ക്ക് ഇരകളാണെന്നും അവരെ ശിക്ഷിക്കരുതെന്നും ന്യൂ ഡെമോക്രാറ്റിക് പാർട്ടി എംപി ജെന്നി ക്വാൻ പറഞ്ഞു. 

ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി മുമ്പാകെ സാക്ഷികൾ മൊഴി നൽകുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടരുന്നതിന് ഇളവ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഭാഗം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് അദ്ദേഹം പാർലമെന്റിൽ ഉറപ്പുനൽകി. വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. കാനഡയിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് വ്യാജ അഡ്മിഷന്‍ കാര്‍ഡ് ഉപയോഗിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഓഫര്‍ ലെറ്ററുകള്‍ ഏജന്റ് ആണ് നല്‍കിയതെന്നും ലെറ്ററുകള്‍ ലഭിച്ചപ്പോഴാണ് കാനഡയിലേക്ക് വന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കാനഡയിലെത്തിയപ്പോള്‍ അഡ്മിഷന്‍ ലെറ്റര്‍ ലഭിച്ച സര്‍വകലാശാലയില്‍ സീറ്റുകള്‍ നിറഞ്ഞുവെന്നും മറ്റ് കോളജുകളില്‍ സീറ്റ് നേടിത്തരാമെന്നും ഏജന്റ് അറിയിച്ചു. ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അത് സമ്മതിച്ചു.
നാല് വര്‍ഷത്തെ കോഴ്സും പൂര്‍ത്തിയാക്കി. അതിനു ശേഷം സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്‍കിയപ്പോഴാണ് വിസ എടുക്കാനായി ഉപയോഗിച്ച അഡ്മിഷന്‍ ടിക്കറ്റ് വ്യാജമാണെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി അറിയിച്ചത്. 2018ലാണ് വിസ സ്വീകരിച്ചത്. 

Eng­lish Summary:Canadian Par­lia­men­tary Com­mit­tee Against Depor­ta­tion of Students
You may also like this video

Exit mobile version