സർക്കാർ ആശുപത്രികളിൽ ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ സെന്ററുകളെയും മെഡിക്കൽ കോളജുകളെയും ജില്ലാ, ജനറൽ താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സർക്കാർ തയ്യാറാവുന്നത്. കാൻസർ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദർശനങ്ങളും വിവരശേഖരണവും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആർദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൺ ഹെൽത്ത്, വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാൻസർ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
ആരോഗ്യരംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ മുൻനിരയിലാണ് കേരളം. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യമേഖലയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ഇ‑കേരള ഡിജിറ്റൽ ഹെൽത്ത് മിഷൻ എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിയിലൂടെ 30 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലീ രോഗങ്ങൾ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങൾ സംബന്ധിച്ചും വിവരശേഖരണം നടത്താൻ ആശാ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
വികസന പ്രവർത്തനങ്ങളോടൊപ്പം ക്ഷേമ പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് സർവതല സ്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ ഒരു മുന്നേറ്റമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary;Cancer diagnosis clinics to be set up in government hospitals: CM
You may also like this video;