കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ കാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ 1449 ആശുപത്രികളില്‍ സ്‌ക്രീനിങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 26,041 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. എട്ട് വരെ വനിതകള്‍ക്ക് മാത്രമുള്ള പ്രത്യേക സ്‌ക്രീനിങാണ്. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിങ് നടത്താവുന്നതാണ്.
4,47,229 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്‌ക്രീനിങ് നടത്തി. അതില്‍ 14,095 പേരെ (മൂന്ന് ശതമാനം) സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 3,31,888 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്‌ക്രീന്‍ ചെയ്തതില്‍ 12,659 പേരെ (നാല് ശതമാനം) തുടര്‍ പരിശോധനയ്ക്കായും 2,58,346 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 1,434 പേരെ (ഒരു ശതമാനം) തുടര്‍ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. ഈ കാമ്പയിനിലൂടെ നിലവില്‍ 85 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.