Site icon Janayugom Online

കാന്‍സര്‍ ചികിത്സ സൗജന്യമാക്കണം

cancer

കാന്‍സര്‍ ചികിത്സ സൗജന്യമാക്കണമെന്ന് പാര്‍ലമെന്ററി സമിതി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍— സ്വകാര്യ ആശുപത്രികളിലെ കാന്‍സര്‍ പരിശോധന, ചികിത്സ എന്നിവയുള്‍പ്പെടുത്തി ഇടത്തരം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യപാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ.
കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോതെറാപ്പി സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാലതാമസവും കാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മുക്തി ദുര്‍ഘടമാക്കുന്നുവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാൻസർ ചികിത്സയ്ക്കായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (പിഎംജെഎവൈ) ഗുണഭോക്താക്കളിൽ ഇടത്തരം കുടുംബങ്ങളെയും ഉൾപ്പെടുത്താൻ ഈ ആഴ്ച ആദ്യം പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടിരുന്നു. 2018ലാണ് പിഎംജെഎവൈ പദ്ധതി ആവഷ്കരിച്ചത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവരെയാണ് പദ്ധതിപ്രകാരം ചികിത്സാ ധനസഹായം നല്‍കുന്നത്. ഇതില്‍ ഇടത്തരം കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഉയര്‍ന്ന കാന്‍സര്‍ ചികിത്സാ ചെലവ് കുടുംബങ്ങളെ കടക്കെണിയിലാക്കുകയും ഗുണനിലവാരമില്ലാത്ത ചികിത്സയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് രാജ്യവ്യാപകമായി നടത്തിയ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
കാന്‍സര്‍ ചികിത്സാ ചെലവ് ഏതുഭാഗത്താണ് രോഗം ബാധിച്ചിരിക്കുന്നതിനെയും ഏത് ഘട്ടത്തിലൂടെയാണ് രോഗി കടന്നുപോകുന്നതെന്നതിനേയും ആശ്രയിച്ചിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ 30,000 മുതല്‍ 50,000 വരെയും പ്രത്യേക തെറാപ്പികള്‍ക്കായി 50 ലക്ഷം രൂപവരെയും ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്ത് മരുന്ന് വില മാത്രം ഏകീകരിക്കുന്നത് ഫലപ്രദമാകില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യആശുപത്രികളിലും കാന്‍സര്‍ പരിശോധന, ചികിത്സ, മറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ ഏകോപിപ്പിക്കണം.
ഇന്ത്യയില്‍ ആകെ 700 ടെലിറേഡിയോതെറാപ്പി മെഷിനുകള്‍ മാത്രമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പത്ത് ലക്ഷം പേര്‍ക്ക് ഒരെണ്ണം എന്ന കണക്കില്‍ 1300 മെഷിനുകള്‍ ആവശ്യമാണ്. രാജ്യത്തെ നൂറ് ജില്ലകളില്‍ മാത്രമാണ് റേഡിയോതെറാപ്പി സംവിധാനമുള്ളത്. ഓങ്കോളജിസ്റ്റുകളുടെ എണ്ണത്തിലും ഇന്ത്യ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

രോഗികള്‍ 15 ലക്ഷമാകും

ദേശീയ കാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് 2020ല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 13,92,179 ആയിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 12.8 ശതമാനം വര്‍ധിച്ച് 15,69,793 ആകുമെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും കൂടുതല്‍പേര്‍ക്ക് വായിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. സിഗരറ്റ്സും മറ്റ് പുകയില ഉല്പന്നങ്ങളും നിയമം 2003 നിര്‍ബന്ധമായും നടപ്പാക്കണമെന്നും ശുപാര്‍ശയുണ്ട്. പുകയില ഉല്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള പരസ്യങ്ങള്‍ വിലക്കണം. പുകയില നികുതി വര്‍ധിപ്പിക്കണം. റസ്റ്റോറന്റ്, വിമാനത്താവളം, ഹോട്ടല്‍ എന്നിവിടങ്ങളില്‍ പുകവലിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങള്‍ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. 

Eng­lish Sum­ma­ry: Can­cer treat­ment should be made free

You may also like this video

Exit mobile version