പിഎസ്‌സി പ്രൊഫൈലിലെ വിവരങ്ങള്‍ സ്വയംതിരുത്താനുള്ള സൗകര്യം ഈ മാസം 26 മുതല്‍ നിലവില്‍ വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും ഇപ്രകാരം ചെയ്യാവുന്നതാണ്. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും ഇവയിലുള്‍പ്പെടും. ഇക്കാര്യങ്ങള്‍ക്ക് പിഎസ്‌സി ഓഫിസുകളില്‍ നേരിട്ട് വരേണ്ടതില്ല. പ്രൊഫൈല്‍ ഉണ്ടെങ്കിലും അപേക്ഷ ഇതുവരെയും സമര്‍പ്പിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പ്രൊഫൈലില്‍ ക്ലെയിം എപ്പോള്‍ വേണമെങ്കിലും തിരുത്താന്‍ കഴിയും.
അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തവര്‍ക്കും ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും പ്രൊഫൈലില്‍ നേരിട്ട് തിരുത്തല്‍ വരുത്താന്‍ കഴിയും. ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് അടുത്ത സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് നേരത്തെ വരുത്തിയ ഭേദഗതികള്‍ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. അപേക്ഷ സമര്‍പ്പിച്ചതിനുശേഷമുള്ള സ്വയംതിരുത്തലുകള്‍ ആധികാരികമാണെന്ന് ഉറപ്പുവരുത്തുവാന്‍ ഒടിപി സംവിധാനവും ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം വിനിയോഗിക്കാന്‍ കഴിയില്ല. അവര്‍ക്ക് നിലവിലുള്ള നടപടിക്രമം തുടരും. പുതിയ സംവിധാനത്തിന്റെ വിശദവിവരങ്ങള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
English Summary: candidates can edit their psc profile
You may also like this video