Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ചെലവ്: പണമിടപാട് 2000 മാത്രം

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പ്രചാരണ ചെലവുകൾക്കായി പണമായി നൽകാവുന്ന തുക 2,000 രൂപയായി കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവില്‍ ഇത് 10,000 രൂപയാണ്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി കമ്മിഷന്‍ വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നൽകുന്ന 2,000 രൂപയിൽ കൂടുതലുള്ള എല്ലാ ഇടപാടുകളും അക്കൗണ്ട് മുഖേനയാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യണമെന്ന് ശുപാർശയില്‍ പറയുന്നു. ഓൺലൈൻ, ഡിജിറ്റൽ മാർഗങ്ങളിലൂടെ ഇടപാട് നടത്താം.

സ്ഥാനാർത്ഥികളുടെ ചെലവിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കമ്മിഷന്‍ പറയുന്നു. നിലവിൽ 10,000 രൂപയിൽ കൂടുതലുള്ള എല്ലാ ഇടപാടുകളും തെരഞ്ഞെടുപ്പ് ചെലവുകൾക്കായി മാത്രമായി തുറന്ന ബാങ്ക് അക്കൗണ്ട് വഴി ചെക്കോ ഡ്രാഫ്റ്റോ ബാങ്ക് ട്രാൻസ്ഫർ ആയോ ആണ് നടത്തേണ്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും സ്ഥാനാര്‍ത്ഥികള്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. പത്രിക നല്‍കുന്ന തീയതി മുതൽ ഫലപ്രഖ്യാപന തീയതി വരെ പ്രതിദിന അക്കൗണ്ടുകൾ, ക്യാഷ് ബുക്ക്, ബാങ്ക് ബുക്ക് എന്നിവ സൂക്ഷിക്കുകയും വേണം. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം കണക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ഡിഇഒ) സമർപ്പിക്കണം.

Eng­lish Sum­ma­ry: can­di­dates’ cash expenditure
You may also like this video

Exit mobile version