Site icon Janayugom Online

കളളും കഞ്ചാവും വഴിമാറി; വരുന്നത് മാരക വിഷലഹരി

മദ്യത്തിനു പുറമെയുള്ളതും സുപരിചിത പേരുകളിലുള്ളതുമായ ലഹരിവസ്തുക്കളുടെ സ്ഥാനം മാരകവിഷ രാസലഹരി കയ്യടക്കുന്നു. ഇത്തരം ഉല്പന്നങ്ങൾ സിംബാബ്‌വെ, ചൈന എന്നിവിടങ്ങളിൽ നിന്ന് എത്തുന്നു എന്നാണ് വിവരം. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ഉല്പാദിപ്പിച്ച് കടൽമാർഗം ശ്രീലങ്കയിലെത്തുന്ന ലഹരിവസ്തുക്കൾ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് കടത്തുന്നതായിരുന്നു പതിവ് രീതി. ഇപ്പോൾ, ചൈനയിൽ നിന്നുള്ള കളിപ്പാട്ടങ്ങളുടെ മറപിടിച്ച് ഇന്ത്യയിലേക്കെത്തിക്കുന്ന മാരകവിഷ രാസലഹരി ചേരുവകൾ രാജ്യത്തെ തന്നെ വിവിധ കേന്ദ്രങ്ങളിൽവച്ച് ലഹരിയാക്കി വിതരണം ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. ആർക്കും സംശയം തോന്നാത്ത വിധത്തിൽ സിഗററ്റുകളിൽ സ്പ്രേ ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിൽ പെർഫ്യൂം ബ്രാന്റുകളുടെ പേരിലും സിഗററ്റ് ലൈറ്ററിന്റെ രൂപത്തിലും ലഹരിവസ്തുക്കളെത്തുന്നു. കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നും മറ്റും ലഹരി പദാർത്ഥങ്ങളുടെ പേര് കേട്ടിരുന്നിടത്ത് ഇപ്പോൾ പ്രചാരം, സിംബാബ് വേയിലും മറ്റും നിന്നെത്തുന്ന മെഥാക്വിനോൾ തുടങ്ങിയവയുടെ നാമങ്ങളാണ്. യുവതലമുറ മദ്യത്തിൽ നിന്ന് ഇത്തരം ലഹരികളിലേക്ക് ആകൃഷ്ടരാകുന്നതായാണ് പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ലഹരിക്ക് അടിമകളായവരിൽ 70 ശതമാനവും 10നും 15നും ഇടയിൽ പ്രായമുള്ളവരാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേയിൽ കണ്ടെത്തിയിരുന്നു. ഉപയോഗിക്കുന്നതിന്റെയും വില്പന നടത്തുന്നതിന്റെയും പേരിലുണ്ടായ കേസുകളുടെ എണ്ണത്തിലും മുൻ വർഷങ്ങളെക്കാൾ വലിയ വർധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. രാസലഹരി ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സീനുകൾ ചലച്ചിത്രങ്ങളിൽ ഉൾപ്പെടുത്തിയാൽ നിർമ്മാണച്ചെലവിന്റെ ഒരു വിഹിതം നൽകാൻ തയ്യാറായി സമ്മർദ്ദതന്ത്രങ്ങളുമായി ലഹരിമാഫിയ എത്തുന്നതായി സിനിമാ രംഗത്തു നിന്നു തന്നെ പരാതികളുയർന്നിട്ടുണ്ട്. മാഫിയയുടെ പ്രലോഭനത്തിൽപ്പെട്ട്, അവയുടെ നിർദ്ദേശത്തിനനുസരിച്ച മാറ്റത്തിന് ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ ചുമതലക്കാർ തയാറായതായും പരാതിയുണ്ട്. ലഹരി ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ വിവിധ തലങ്ങളിൽ പരിശോധന ശക്തമാക്കാനും ഉയർന്ന ശിക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഡിവൈസ് പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ചിട്ടുണ്ട്. എംഡിഎംഎ, കഞ്ചാവ് തുടങ്ങി 17 തരത്തിലുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ ഇതിലൂടെ കണ്ടെത്താം. നാളെ മുതൽ നവംബർ ഒന്ന് വരെ ലഹരിക്കെതിരെ തീവ്ര പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Cannabis has tak­en a turn; A dead­ly poi­son is coming
You may also like this video;

Exit mobile version